എഴുത്തുകാരായി അറിയപ്പെടുന്ന പലരെക്കാളും എഴുത്തില്‍ കൃതഹസ്തനായ എന്റെ സുഹൃത്ത് അരവി വഴിയാണ് ഞാന്‍ അക്ബര്‍ കക്കട്ടലിനെ അടുത്തറിയുന്നത്. കഥകളിലൂടെ മാത്രം അറിഞ്ഞിരുന്ന കക്കട്ടലിന്റെ വ്യക്തിവിശേഷങ്ങളും വൈശിഷ്ട്യങ്ങളും അരവിയുടെ സംഭാഷണങ്ങളിലൂടെ പലപ്പോഴായി അറിയാനിടവരികയായിരുന്നു. അരവിയുടെ നോവലായ ‘വംശമുദ്രകള്‍’ പ്രകാശനം ചെയ്തപ്പോള്‍ ആശംസയര്‍പ്പിക്കാന്‍ എന്നെയും ക്ഷണിക്കുകയുണ്ടായി. അടൂര്‍ ഗോപാലകൃഷ്ണനും സേതുവുമൊക്കെ പങ്കെടുത്ത ഈ വേദിയില്‍വച്ചാണ് ഞാന്‍ അക്ബര്‍ കക്കട്ടലിനെ നേരിട്ടുകാണുന്നതും പരിചയപ്പെടുന്നതും.
അരവിയുമായുള്ള വര്‍ഷങ്ങളുടെ സൗഹൃദംകൊണ്ടാവാം പ്രകാശന ചടങ്ങിന് വളരെമുന്‍പുതന്നെ അക്ബര്‍ കക്കട്ടില്‍ തൃപ്രയാറില്‍ എത്തിച്ചേര്‍ന്നിരുന്നു. എഴുത്തുകാരന്റെ ജാടകളൊന്നുമില്ലാതെ തികച്ചും അനൗപചാരികമായാണ് എല്ലാവരോടും പെരുമാറിയതും പ്രസംഗിച്ചതും. ആശംസാ പ്രസംഗത്തില്‍ ഞാന്‍ വൈകാരികമായ ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത് കക്കട്ടില്‍ പ്രത്യേകം ശ്രദ്ധിച്ചു. പരിപാടി കഴിഞ്ഞ് എന്റെ തോളില്‍ കയ്യിട്ടുകൊണ്ട് കക്കട്ടില്‍ പറഞ്ഞു: ”ഇത്തരം കാര്യങ്ങള്‍ പൊതുവേദിയില്‍ പറയരുത്.” ഒരു ജ്യേഷ്ഠ സഹോദരന്റെ വാത്സല്യത്തോടെയുള്ള ഉപദേശമായിരുന്നു അത്. ഞാന്‍ നടത്തിയ പരാമര്‍ശങ്ങളുടെ അനൗചിത്യം പിടികിട്ടുകയും ചെയ്തു.
ഏറെ സവിശേഷതകളുള്ളതായിരുന്നു കക്കട്ടിലിന്റെ എഴുത്ത്. കുഞ്ഞുണ്ണിമാഷുടെ ശിഷ്യനെന്ന് അഭിമാനംകൊണ്ടിരുന്ന കക്കട്ടിലിന്റെ എഴുത്ത് തെളിമലയാളമായിരുന്നു. കുഞ്ഞുണ്ണിമാഷിനെപ്പോലെ തനിമയും ചാരുതയുമുള്ള ഭാഷ കക്കട്ടിലിനും സ്വന്തമായിരുന്നു. കഥകളിലായാലും അനുഭവക്കുറിപ്പുകളിലായാലും ലളിതസുഭഗമായ ഭാഷ കക്കട്ടിലിനെ വേറിട്ട എഴുത്തുകാരനാക്കി. എഴുത്തില്‍ എടുത്താല്‍ പൊങ്ങാത്ത എന്തൊക്കെയോ ഉണ്ടെന്നുവരുത്താന്‍ മനഃപൂര്‍വം ദുര്‍ഗ്രഹത സൃഷ്ടിക്കല്‍ കക്കട്ടിലിന്റെ രീതിയായിരുന്നില്ല. ആധുനികരും ഉത്തരാധുനികരുമായ പല എഴുത്തുകാരുടെയും ഉത്തമസുഹൃത്തായിരിക്കുമ്പോഴും എഴുത്തിന്റെ ലോകത്ത് ഇവരുടെയൊക്കെ വിരുദ്ധധ്രുവത്തിലാണ് കക്കട്ടില്‍ നിലയുറപ്പിച്ചത്.
നന്മനിറഞ്ഞ കഥകളാണ് കക്കട്ടില്‍ എഴുതിയത്. അവയ്ക്ക് ഹൃദയദ്രവീകരണ ശേഷിയുണ്ട്. കഥാതന്തുക്കളും കഥാപാത്രങ്ങളെയും കണ്ടെത്തിയത് സ്വന്തം ജീവിത പരിസരത്തുനിന്നാണ്. ലാറ്റിനമേരിക്കയില്‍നിന്നും ആഫ്രിക്കയില്‍നിന്നുമൊക്കെ ഇതിവൃത്തങ്ങളും കഥാപാത്രങ്ങളെയും ആരുമറിയാതെ ഇറക്കുമതി ചെയ്ത് മലയാളത്തിന്റെ വേഷഭൂഷാദികളോടെ അവതരിപ്പിച്ച് വായനക്കാരെ കബളിപ്പിക്കാന്‍ കക്കട്ടില്‍ മുതിര്‍ന്നില്ല. ഇന്റര്‍നെറ്റില്‍നിന്ന് വിവരശേഖരം വലിച്ചിട്ട് എഴുതിയുണ്ടാക്കി സാഹിത്യകാരന്മാരാകുന്ന പല ആധുനികോത്തരന്മാരുടെയും സര്‍ഗജീവിതത്തിന് ഒരു തിരുത്തായിരുന്നു നാദാപുരത്തുകാരനായിരുന്ന കക്കട്ടില്‍. വടക്കന്‍ പാട്ടിന്റെ പാരമ്പര്യവും പ്രകൃതിസൗന്ദര്യവും സമ്മേളിച്ച ഈ മണ്ണില്‍നിന്ന് മനസ്സിലേക്ക് കയറിവന്നതാണ് കക്കട്ടിലിന്റെ പല കഥാപാത്രങ്ങളും. കഥാകാരന്റെ തോളില്‍ കയ്യിട്ടുനടക്കുന്ന ഇവര്‍ വായനക്കാര്‍ക്ക് ഒരിക്കലും അപരിചിതരായില്ല.
നര്‍മത്തിന്റെ നനവൂറുന്ന മനസ്സുമായി നടന്ന കഥാകാരന് സ്വന്തം നാടായ നാദാപുരത്തിന് വന്നുചേര്‍ന്ന വിപര്യയത്തില്‍ ദുഃഖിതനായിരുന്നു. തന്റെ നാട് കലാപങ്ങളുടെ പേരില്‍ അറിയപ്പെടുന്നതില്‍ അസ്വസ്ഥനുമായിരുന്നു. ‘നാദാപുരം’ എന്നത് കക്കട്ടിലിന്റെ ഒരു കഥയാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് കോളേജില്‍ ഒരുമിച്ചുപഠിച്ച കൂട്ടുകാരന് ജയപാലനെത്തേടിയെത്തുന്ന അപരിചിതന് നാദാപുരത്ത് ലഭിക്കുന്നത് വലിയ സ്നേഹവും സ്വീകരണവുമാണ്. എന്നാല്‍ പെട്ടെന്നാണ് അന്തരീക്ഷം മാറുന്നത്. ജയപാലന്റെ വീട്ടിലെത്താന്‍ തന്നെ സഹായിച്ച സുമോഹനനെ അയാളെ തനിക്ക് പരിചയപ്പെടുത്തിയ മുത്തുക്കോയ കൊലപ്പെടുത്തുന്നത് അപരിചിതന് കേള്‍ക്കേണ്ടിവരുന്നു.
‘മായക്കണ്ണന്’ എന്ന കഥയിലും നാദാപുരത്തിന്റെ വേദനകളാണ് കക്കട്ടില്‍ പങ്കുവയ്ക്കുന്നത്. കഥയിലെ അഷറഫ് എന്ന ആഖ്യാതാവിനെത്തേടി ഒരിക്കല്‍ സഹപാഠിയായിരുന്ന കണ്ണന് വരുന്നു. ഇരുവരുംചേര്‍ന്ന് കണ്ണന്റെ അത്ഭുതസിദ്ധികള്‍കൊണ്ട് കലാപം അടിച്ചമര്‍ത്തുന്നു. എന്നാല്‍ കഥയുെട അവസാനം കണ്ണനെ കലാപകാരികള്‍ കൊല്ലുന്നു. കലാപങ്ങളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളില്‍നിന്ന് ബോധപൂര്‍വം മറച്ചുപിടിക്കപ്പെടുന്ന അപ്രിയസത്യങ്ങളിലേക്കും കക്കിട്ടിലിന്റെ ഈ കഥ വിരല്‍ചൂണ്ടുന്നു. നാദാപുരത്തിന്റെ കഥാകാരന് എന്നും കക്കട്ടിലിനെ വിശേഷിപ്പിക്കാം.
ബാലകൃഷ്ണന് എന്ന യുവാവിന് തന്റെ ക്വട്ടേഷന്‍ സംഘത്തില്‍ ജോലിനല്‍കാമെന്ന് കോയക്കുട്ടി ഹാജി പറയുമ്പോള്‍ അയാള്‍ സന്തോഷിക്കുന്നു. ”അവസാനം തനിക്കൊരു പണികിട്ടിയിരിക്കുന്നു. ക്വട്ടേഷന്‍, അതെന്തായാലും ജീവിക്കാന്‍ അതുമതി” എന്ന് ചിന്തിക്കുന്ന ഈ യുവാവ് നന്മകള് കെട്ടുപോകുന്ന ഒരുകാലത്തിന്റെ പ്രതിനിധിയാണ്.
ആര്‍ദ്രതയാണ് കക്കട്ടില്‍ കഥകളുടെ മുഖമുദ്ര. സ്നേഹവും സമാധാനവും സൗഹാര്‍ദ്ദവും പുലരുന്ന ഒരു കാലത്തെ മനസ്സില്‍ താലോലിച്ചുനടന്ന ഈ അധ്യാപകന് ആരോടും പരിഭവിക്കാതെതന്നെ പല ശരികളും മുഖംനോക്കാതെ വിളിച്ചുപറയുമായിരുന്നു. പലരുടെയും എഴുത്തിനെക്കുറിച്ചുള്ള നിശിതമായ വിലയിരുത്തലുകള്‍ സംഭാഷണത്തിനിടെ കടന്നുവരാറുണ്ട്.
മറ്റൊരു അക്ബറിന്റെ പേരും എന്റെ മൊബൈലില്‍ സേവ് ചെയ്തിട്ടുള്ളതിനാല്‍ ചിലപ്പോഴൊക്കെ അറിയാതെ ആളുമാറി കക്കട്ടിലിനും കോള്‍ പോകുമായിരുന്നു. മറ്റുപലരുടെയും കാര്യത്തിലാണെങ്കില്‍ ഇങ്ങനെ സംഭവിച്ചാല്‍ ചെറിയൊരു ക്ഷമപറഞ്ഞ് കോള്‍ കട്ടുചെയ്യുകയാണ് പതിവ്. എന്നാല്‍ അങ്ങേത്തലയ്ക്കല്‍ കക്കട്ടിലിന്റെ സ്നേഹമസൃണമായ ശബ്ദം കേള്‍ക്കുമ്പോള്‍ അറിയാതെ സംഭാഷണം നീണ്ടുപോകുമായിരുന്നു. ഇനിയതിനാവില്ലെന്ന തിരിച്ചറിവ് ദുഃഖകരമാണ്.
അക്ബര്‍ കക്കട്ടിലിന്റെ ഒരു പുസ്തകത്തിന്റെ പേര് ”നോക്കൂ, അയാള്‍ നിങ്ങളില്‍ തന്നെയുണ്ട്” എന്നാണ്. സൗഹൃദാനുഭവങ്ങള്‍ സരസമായി വിവരിക്കുന്നതാണ് ഉള്ളടക്കം. നാടിന് നഷ്ടമാകുന്ന നന്മകളെക്കുറിച്ച് നിശബ്ദമായി നിലവിളിക്കുകയും വ്യക്തിബന്ധങ്ങളുടെ വിശുദ്ധി നിലനിര്‍ത്തുകയും ചെയ്തിരുന്ന കക്കട്ടിലിനെക്കുറിച്ചും ഇപ്പോള്‍ ഇങ്ങനെ പറയാം: പ്രിയ സുഹൃത്തേ അയാള്‍ നിങ്ങളില്‍ തന്നെയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: