തൃശൂര്‍: അഷ്ടവൈദ്യന്‍ തൈക്കാട്ട് മൂസ്സ് വൈദ്യരത്നം ഔഷധശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം വ്യാഴാഴ്ച തൈക്കാട്ടുശ്ശേരിയില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നിര്‍വ്വഹിക്കും. സി.എന്‍.ജയദേവന് എം.പി അധ്യക്ഷത വഹിക്കും.
വൈദ്യരത്നം ഔഷധശാല ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഇ.ടി.നാരായണന് മൂസ്സിന്റെ നേതൃത്വത്തിലാണ് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. അഖിലേന്ത്യാതലത്തിലും വിപണന ശൃംഖലയുള്ള വൈദ്യരത്നത്തിന് 1500ല്‍പരം റീട്ടെയില്‍ ഔട്ട്ലെറ്റുകളുണ്ട്. കേരളത്തിനു പുറമേ ബംഗളുരുവിലെ എച്ച്എസ്ആറിലും മുംബൈയിലെ ചെംബൂരിലും ചികില്സാകേന്ദ്രങ്ങളുമുണ്ട്. ചെന്നൈ, പൊള്ളാച്ചി, മംഗലാപുരം, ബംഗളുരു, സെക്കന്ദരാബാദ്, ദല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍ നേരിട്ടുള്ള ശാഖകളും പ്രവര്‍ത്തിക്കുന്നു.
ആയുര്‍വേദ വിപണന രംഗത്ത് വ്യക്തമായ സാന്നിധ്യമുള്ള വൈദ്യരത്നം കേരളത്തില്‍ തൈക്കാട്ടുശ്ശേരി, ചുവന്നമണ്ണ് എന്നിവിടങ്ങളിലുള്ള ഔഷധനിര്‍മാണ യൂണിറ്റുകള്‍ക്കു പുറമേ തമിഴ്നാട്ടില്‍ പൊള്ളാച്ചിയിലെ യൂണിറ്റിലും ഔഷധങ്ങള്‍ നിര്‍മ്മിച്ചുവരുന്നു. എം.പി.വിന്‍സന്റ് എം.എല്‍.എ, ജില്ലാ കളക്ടര്‍ വി.രതീശന്, തൃശൂര്‍ മേയര്‍ അജിത ജയരാജന്, കൗണ്‍സിലര്‍ ബിന്ദു കുട്ടന് എന്നിവര്‍ പ്രസംഗിക്കും. ജൂബിലി ആഘോഷ പരിപാടികളെപ്പറ്റി ഡയറക്ടര്‍ കെ.കെ.വാസുദേവന്‍ വിശദീകരിക്കും.
ഡയറക്ടര്‍മാരായ ഇ.ടി.നീലകണ്ഠന് മൂസ്സ് സ്വാഗതവും ഇ.ടി.പരമേശ്വരന് മൂസ്സ് നന്ദിയും പറയും. വൈദ്യരത്നത്തിന്റെ മുതിര്‍ന്ന ഡീലര്‍മാരെ യോഗത്തില്‍ ആദരിക്കും. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ ഡീലര്‍മാരേയും ഡോക്ടര്‍മാരേയും ഉള്‍പ്പെടുത്തി സെമിനാറുകള്‍, മെഡിക്കല്‍ ക്യാംപുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവ നടത്താനും പദ്ധതിയുണ്ടെന്ന് ഇ.ടി.നീലകണ്ഠന് മൂസ്സ്, ഇ.ടി.പരമേശ്വരന് മൂസ്സ്, കെ.കെ.വാസുദേവന്‍, കെ.ശ്രീകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: