കൊച്ചി: യുവമോര്‍ച്ച കൊടുങ്ങല്ലൂര്‍ ടൗണ്‍ സെക്രട്ടറിയായിരുന്ന സത്യേശിനെ വധിച്ച കേസിലെ രണ്ടു പ്രതികളുടെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവെച്ചു. അഞ്ച് പേരെ ജസ്റ്റീസുമാരായ പി. ഭവദാസന്‍, രാജ വിജയരാഘവന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിട്ടയച്ചു.
തൃശൂര്‍ സെഷന്‍സ് കോടതിയുടെ 2011 മാര്‍ച്ച് 11ലെ ഉത്തരവ് ചോദ്യംചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഈ നടപടി.
കൊടുങ്ങല്ലൂര്‍ കോതപറമ്പ് എസ്എന്‍ പുരം സ്വദേശികളായ ഒന്നാംപ്രതി പാര്‍ഥസാരഥി, മൂന്നാംപ്രതി കരിപ്പക്കുളം ഷെഫീഖ് എന്നിവരുടെ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. സെഷന്‍സ് കോടതി നല്‍കിയ ജീവപര്യന്തം തടവ് റദ്ദാക്കാനാവില്ലെന്നു ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഇരകള്‍ക്ക് 10,000 രൂപ പിഴനല്‍കണമെന്നും ഇല്ലെങ്കില്‍ ആറുമാസംകൂടെ ജയില്‍ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
കേസിലെ രണ്ടാംപ്രതി സംഭവം നടക്കുന്ന സമയത്ത് ജുവനൈല്‍ (പതിനെട്ട് തികയാത്തവന്‍)ആണെന്നതിനാല്‍ ഇയാളുടെ ശിക്ഷസംബന്ധിച്ച തുടര്‍നടപടികള്‍ക്കും പുനര്‍വിചാരണയ്‌ക്കും നിര്‍ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഇയാള്‍ 15000 രൂപ പിഴ നല്‍കണമെന്നു കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റുപ്രതികളായ കൊണ്ടിയറ എസ്എന്‍ പുരം സ്വദേശികളായ കൊണ്ടിയറ സനീഷ്, പൊന്നമ്പിള്ളില്‍ മനോജ്, കാട്ടുപറമ്പില്‍ മധു, പൂത്തോത്ത് റെജിന്‍, ശ്യാംകൃഷ്ണന്‍, രാജു എന്നിവരെയാണ് കോടതി വെറുതെവിട്ടത്. 2006 ജനുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. യുവമോര്‍ച്ച നേതാവായ സത്യേശിനെ രാഷ്‌ട്രീയ വൈര്യാഗ്യത്തെതുടര്‍ന്ന് പ്രതികള്‍ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതികള്‍ക്ക് വേണ്ടി അഡ്വ.പി വിജയഭാനു ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: