കണ്ണൂര്‍/പാനൂര്‍: കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ ഇന്നലെ വൈകിട്ട് പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.റിമാന്‍ഡ് പ്രതിയെ പാര്‍ട്ടി നിയന്ത്രണത്തിലുളള സ്വകാര്യ ആശുപത്രിയായ പരിയാരത്ത് പ്രവേശിപ്പിച്ച നടപടി വിവാദമായതിനെ തുടര്‍ന്നാണിത്.
ഇന്നലെ വൈകീട്ട് 7.30 ഓടെയാണ് കനത്ത പോലീസ് സുരക്ഷയില്‍ ജയരാജനെ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അത്യാഹിതവിഭാഗത്തിനോടനുബന്ധിച്ച് സജ്ജീകരിച്ച പ്രത്യേക മുറിയില്‍ കിടത്തിയ ജയരാജനെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. നാളെ ഹൃദ്രോഗ വിഭാഗത്തിലെ വിദഗ്ധര്‍ പരിശോധിച്ച ശേഷം സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച തീരുമാനമെടുക്കും.
റിമാന്റ് പ്രതിയെ അത്യാവശ്യമായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാലും 24 മണിക്കൂറിനകം മാറ്റണമെന്നിരിക്കെ രണ്ടുദിവസം പിന്നിട്ടിട്ടും മാറ്റാതിരുന്നത് ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഞായറാഴ്ച മാറ്റാന്‍ തീരുമാനിച്ചെങ്കിലും ആഭ്യന്തര വകുപ്പ് ഇടപ്പെട്ടതിനെ തുടര്‍ന്ന് തല്ക്കാലം നിര്‍ത്തിവെച്ചു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് പരിയാരത്തുനിന്നും കനത്ത പോലീസ് ബന്തവസ്സില്‍ എല്ലാവിധ മെഡിക്കല്‍ സംവിധാനത്തോടുകൂടിയ ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.
തലചുറ്റല്‍ അനുഭവപ്പെടുന്നുണ്ടെന്നും ജയരാജന് മൂന്നാഴ്ചയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിന് നല്‍കേണ്ട ബില്‍ തുക മുഴുവന്‍ അടച്ചാല്‍ മാത്രമേ ഡിസ്ചാര്‍ജ്ജ് അനുവദിക്കൂവെന്നും മറ്റും ചൂണ്ടിക്കാട്ടി ജയരാജനെ കൊണ്ടുപോകുന്നത് വൈകിപ്പിക്കാന്‍ അവസാന നിമിഷംവരെ സിപിഎം നേതൃത്വം ശ്രമിച്ചു. തുടര്‍ന്ന് മുഴുവന്‍ തുകയും ജയിലധികൃതര്‍ അടച്ചശേഷമാണ് വിടുതല്‍ നല്‍കിയത്.
നില തൃപ്തികരമെന്ന് ഡോക്ടര്‍
കണ്ണൂര്‍: ജയരാജന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ചികിത്സിച്ച ഡോക്ടര്‍ എസ്.എം.അഷ്റഫ് സിബിഐ മുമ്പാകെ മൊഴിനല്‍കി. സിബിഐ സംഘം ഇന്നലെ തലശേരി ഗസ്റ്റ്ഹൗസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. 2004 മുതല്‍ തന്റെ പേഷ്യന്റായ ജയരാജന് നാല് തവണ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായിട്ടുണ്ടെന്നും ഡോ. അഷ്റഫ് മൊഴി നല്കി.—നിലവില്‍ അസുഖബാധിതനല്ല, മെഡിക്കല്‍ ബോര്ഡിനെകൊണ്ടു പരിശോധിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഡോക്ടര്‍ രേഖാമൂലം സിബിഐയെ അറിയിച്ചു.
2004 മുതലുളള ജയരാജന്റെ അസുഖത്തെ സംബന്ധിച്ച മുഴുവന്‍ രേഖകളും സിബിഐയ്ക്ക് കൈമാറി.—ചോദ്യംചെയ്യലില്‍ നിന്നും രക്ഷപ്പെടാന്‍ പി. ജയരാജന് നടത്തിയ ശ്രമങ്ങള്‍ സിബിഐ നാളെ കോടതിയെ അറിയിക്കും. മെഡിക്കല്‍ ബോര്‍ഡിനെ കൊണ്ടു വിദഗ്ധപരിശോധന നടത്താന്‍ കോടതിയുടെ അനുവാദവും സിബിഐ തേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: