ഷില്ലോങ്: പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ ഗെയിംസിന്റെ ബോക്‌സിങ് റിങില്‍ പ്രകമ്പനം സൃഷ്ടിച്ച് ഇന്ത്യന്‍ താരങ്ങളുടെ സ്വര്‍ണ്ണക്കൊയ്‌ത്ത്. ഇന്നലെ നടന്ന പുരുഷന്മാരുടെ ഏഴ് ഫൈനലുകളിലും ഇന്ത്യ പൊന്നണിഞ്ഞു.
പരിക്കില്‍ നിന്ന് മുക്തനായി റിങില്‍ തിരിച്ചെത്തിയ എല്‍. ദേവേന്ദ്രോ സിങ് 49 കി.ഗ്രാം വിഭാഗത്തില്‍ പാക്കിസ്ഥാന്റെ മൊഹിബ് ഉള്ളയെ ഇടിച്ചിട്ടാണ് റിങില്‍ നിന്നുള്ള ആദ്യ സ്വര്‍ണ്ണം നേടിയത്. 52 കി.ഗ്രാം വിഭാഗത്തില്‍ 35കാരനും മുന്‍ ദേശീയ ചാമ്പ്യനുമായ മദന്‍ലാല്‍ 3-0ന് പാക്കിസ്ഥാന്റെ മുഹമ്മദ് സെയ്ദ് ആസിഫിനെ പരാജയപ്പെടുത്തി സ്വര്‍ണ്ണം കരസ്ഥമാക്കി. മൂന്ന് ജഡ്ജിമാരും ഏകപക്ഷീയമായി ഇന്ത്യന്‍ താരത്തിന് അനുകൂലമായ വിധിയെഴുതി. കഴിഞ്ഞ ഗ്ലാസ്ഗൗ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവാണ് ദേവേന്ദ്രോ സിങ്.
56 കി.ഗ്രാം വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ ശിവ് ഥാപ്പ ശ്രീലങ്കന്‍ താരമായ റുവാന്‍ തിലിനയെ ഇടിച്ചിട്ടും 60 കി.ഗ്രാം വിഭാഗത്തില്‍ ധീരജ് രംഗി പാക്കിസ്ഥാന്റെ അഹമ്മദ് അലിയെയും 64 കി.ഗ്രാം വിഭാഗത്തില്‍ മനോജ്കുമാര്‍ ശ്രീലങ്കയുടെ ദിനിഡു സപരമാഡുവിനെയും 75 കി.ഗ്രാം വിഭാഗത്തില്‍ വികാസ് കൃഷ്ണന്‍ പാക്കിസ്ഥാന്റെ തന്‍വീര്‍ അഹമ്മദിനെയും ഇടിച്ചിട്ടാണ് രാജ്യത്തിനായി സ്വര്‍ണ്ണം നേടിയത്. 69 കി.ഗ്രാം വിഭാഗത്തില്‍ മന്‍ദീപ് ജഗ്രയാണ് പൊന്നണിഞ്ഞ മറ്റൊരു ഇന്ത്യന്‍ താരം. അഫ്ഗാനിസ്ഥാന്റെ റഹേമി അല്ലാ ദാദിനെയാണ് ഫൈനലില്‍ മന്‍ദീപ് കീഴടക്കിയത്.
















