സോണിയയുടെ മകന് രാഹുലിനെ ആളുകള്‍ പക്വതയില്ലാത്ത പപ്പൂസ് എന്നുവിളിക്കുന്നതിന്റ പൊരുള്‍ അറിയണമെങ്കില്‍ ശംഖുംമുഖത്ത് കഴിഞ്ഞദിവസം നടത്തിയ പ്രസംഗം ഒരാവര്‍ത്തി കേട്ടാല്‍ മതി. അഴിമതിയോട് സന്ധിചെയ്യാത്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസ് എന്നാണ് രണ്ടായിരം കോടിയുടെ നാഷണല്‍ ഹെറാള്‍ഡ് കുംഭകോണക്കേസില്‍ കോടതിവരാന്ത നിരങ്ങുന്ന സോണിയാകമ്പനിയുടെ സിഎംഡി ജനരക്ഷായാത്രാ സമാപനത്തില്‍ മൊഴിഞ്ഞത്. നമ്മള് മലയാളികള്‍ ഒന്നടങ്കം ബുദ്ധിമാന്ദ്യം ബാധിച്ചവരാണന്ന തെറ്റിദ്ധാരണയാലാവണം സോണിയയുടെ മകന് ഈ എമണ്ടന്‍ വിഡ്ഢിത്തം പൊതുവേദിയില്‍ എഴുന്നെള്ളിച്ചത്.
അഴിമതിയുടെ കണികയെങ്കിലും കണ്ടെത്തിയാല്‍ പാര്‍ട്ടി നടപടി എടുക്കുമെന്നാണ് പ്രസംഗം നിര്‍ത്താറായപ്പോള്‍ കൊച്ചുമുതലാളി പ്രഖ്യാപിച്ചത്. ഇതുപറയുമ്പോള്‍ വേദിയില്‍ നിറഞ്ഞുകവിഞ്ഞിരുന്ന പുമാന്മാരുടെ മുഖത്ത് വിരിഞ്ഞഭാവം പുച്ഛമോ പരിഹാസമോ ആയിരുന്നുവെന്ന് പറയാതെ വയ്യ. ആദര്‍ശ്ഫഌറ്റ് കുംഭകോണം മുതല്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടുവരെ ആരോപണവിധേയനായ അറയ്ക്കപറമ്പില്‍ കുര്യന് ആന്റണി എന്ന ദേശീയനേതാവായിരുന്നു അമ്പതിനോടടുത്ത കോണ്‍ഗ്രസ് കൗമാരത്തിന്റെ ധീരമായ പ്രഖ്യാപനം കേട്ട് ഉള്പുളകമണിഞ്ഞ ഒരു മാന്യന്. കൊച്ചുമുതലാളി അഴിമതിക്കെതിരെ ഇമ്മാതിരി വമ്പത്തം തട്ടിവിടുന്നതിന് മുമ്പുതന്നെ അച്ചായന്റെ ഒരുതരം കിളത്തല് പ്രസംഗം ഉണ്ടായിരുന്നു.
താനും മൂന്നുതവണ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നുവെന്നും തന്റേതിനേക്കാള്‍ എന്തുകൊണ്ടും ഭേദമാണ് സോളാര്ചാണ്ടിയുടെ നടപ്പ് എപ്പിസോഡെന്നുമാണ് അച്ചായന് ചാണ്ടിയെ വല്ലാതെ സുഖിപ്പിച്ചത്. ആന്റണിയെ മറ്റാര്‍ക്കും മനസിലായില്ലെങ്കിലും കുഞ്ഞൂഞ്ഞിന് നന്നായറിയാം. അച്ചായന്റെ ഈ ഗുഡ്സര്ട്ടിഫിക്കറ്റിന്റെ മറുപുറം മറ്റാരെക്കാളും മനസിലാവുന്നതും ചാണ്ടിക്കുതന്നെ. അതുകൊണ്ട് ഇവരുടെ സുഖിപ്പീര് വര്‍ത്തമാനം തകര്ക്കുമ്പൊഴൊക്കെ സരിതാരാധ്യാനായ പുതുപ്പള്ളി ചാണ്ടിയദ്ദേഹം താടിക്ക് കൈയ്യുംകൊടുത്ത് ഒരേ ഇരിപ്പായിരുന്നു.
ശംഖുംമുഖത്തെ സമ്മേളനവേദി കഴിഞ്ഞപ്പോള്‍പിന്നെ പപ്പൂസിന്റെ ഉന്നം കോണ്‍ഗ്രസിലെ ഐക്യം ആയിരുന്നു. കൊച്ചുമുതലാളിയുടെ ഐക്യപ്രഖ്യാപനം കേള്‍ക്കുന്ന ആര്‍ക്കും മനസിലാവും ഈ പാര്‍ട്ടി പാര്‍ലമെന്റില്‍ നാന്നൂറില്‍ നിന്ന് നാല്പതിലേക്ക് കൂപ്പുകൂത്തിയതിന്റെ പൊരുള്‍. തമ്മില്‍ കലഹിക്കേണ്ട സമയം ഇതല്ലെന്നും അതിന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് സമയമുണ്ടന്നുമാണ് വേദിയില്‍ തിങ്ങിനിറഞ്ഞ കോണ്‍ഗ്രസ് നേതാക്കളെ കൊച്ചുമുതലാളി ഉദ്ബോധിപ്പിച്ചത്. ഗ്രൂപ്പുരഹിത കോണ്‍ഗ്രസ് എന്ന മുദ്രാവാക്യവുമായാണ് അന്തിക്കാടന്‍ ക്രിസ്തുവായി സുധീരനെ ഒരിക്കല്‍ കെപിസിസി പ്രസിഡന്റായി കെട്ടിയിറക്കിയത്.
ഒന്നും രണ്ടും മൂന്നും നാലും ഗ്രൂപ്പുകള്‍ തരാതരംപോലെ തമ്മില്‍തല്ലി അരങ്ങുകൊഴുപ്പിച്ചിരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കാണ് സുധീരന് ഗ്രൂപ്പില്ലാത്തവരുടെ ഗ്രൂപ്പുമായി അമരം വാഴാനിറങ്ങിയത്. പിന്നെ കേരളത്തിലെ പാര്‍ട്ടിയില്‍ കണ്ടത് തലങ്ങും വിലങ്ങും ഗ്രൂപ്പുകളുടെ പിടിവലിയായിരുന്നു. ചാണ്ടിയും ചെന്നിത്തല രമേശന് നായരും സുധീരനുമൊക്കെ പലകൊമ്പില് കയറിയിരുന്ന് മരത്തിന്റെ കടയ്ക്കല്‍തന്നെ വെട്ടി.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ കള്ളന്മാരും പോക്കറ്റടിക്കാരും റിയല്‍ എസ്റ്റേറ്റ് ഭീമന്മാരും പെണ്‍വാണിഭക്കാരും കൈകാര്യക്കാരായി. മുഖ്യമന്ത്രിക്കെതിരെ സ്വന്തം ഇ-മെയില്‍ ഐഡിയില്‍ വ്യാജമെയില്‍ അയയ്ക്കുന്ന രമേശന് നായരുടെ അതിബുദ്ധിവരെ അരങ്ങേറി. സരിതയും ശാലുമേനോനും കവിതാനായരും ബിജുരാധാകൃഷ്ണനും മുതല്‍ വഴിയെപോയവരെല്ലാം സര്‍ക്കാരിനെതിരെ ആഡിയോ,വീഡിയോ സിഡികളുമായി അന്വേഷണ കമ്മീഷനുമുന്നില്‍ ക്യൂനിന്നു.
ജനാധിപത്യ കേരളത്തില്‍ ചാണ്ടിയന്യുഗം എ സര്‍ട്ടിഫിക്കറ്റില്‍ മാത്രം അടയാളപ്പെടുത്താവുന്ന ഒന്നാണെന്ന് പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ ആക്ഷേപമുയര്‍ന്നു. ഫോണ്‍വിളിയും രാപ്പകല്‍ ഷൂട്ടിങ്ങുമല്ലാതെ മറ്റൊന്നും നടന്നിട്ടില്ലാത്ത ഒരു സര്‍ക്കാരിന്റെ മുന്‍നിരക്കാരെ കൂടെയിരുത്തിയാണ് സോണിയാ കമ്പനിയുടെ കൊച്ചുമുതലാളി ഉടുപ്പിന്റെ കൈ തെറുത്തുകയറ്റി ആദര്‍ശം വിളമ്പിയത്.
കേരളത്തില്‍ നടമാടിയ അഞ്ചാണ്ടത്തെ ചാണ്ടിയന്‍ അഴിമതി കൊച്ചുമുതലാളിയെ സംബന്ധിച്ചിടത്തോളം ഒന്നുമാകാതെ പോകുന്നതിന്റെ യുക്തി നമുക്കറിയാം. ഒരു പതിറ്റാണ്ടുകാലം ഒരു പാവം സാമ്പത്തികവിദഗ്ദനെ നോക്കുകുത്തിയായി ഇരുത്തി അമ്മയും മോനും സില്ബന്ധികളുംകൂടി അടിച്ചെടുത്ത കോടികളുടെ മുന്നില്‍ ചാണ്ടിയന്‍ അഴിമതി ശൂന്യമാണ്. ആന്റണിക്ക് ചാണ്ടി ആദര്ശധീരനാകുന്നതിന്റെ പൊരുള്‍ അതാണ്.
ആകാശവും ഭൂമിയും പാതാളവുംവരെ അഴിമതിയുടെ ഉറവിടമാക്കിയ ഭീമന്മാരാണ് കൊച്ചുമുതലാളിയുടെ നേതൃത്വത്തില്‍ രാജ്യം വാണിരുന്നത്. ടുജി, കല്‍ക്കരി, ആദര്‍ശ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്, റോബര്‍ട്ട് വധേരയുടെ ഭൂമി ഇടപാടുകള്‍, നാഷണല്‍ ഹെറാള്‍ഡ്, റയില്‍വേ തുടങ്ങി അടിച്ചുമാറ്റല്‍ ശീലമാകാത്ത ഒരു ഇടപാടും കൊച്ചുമുതലാളിക്ക് അന്യമായിരുന്നില്ല. രാജ്യത്ത് നിര്‍ണ്ണായകമായ ചര്‍ച്ചകള്‍ നടക്കുമ്പോഴെല്ലാം ആരോടുംപറയാതെ അപ്രത്യക്ഷനാകുന്ന അപൂര്വ്വസിദ്ധിക്ക് ഉടമയാണ് അമ്മയും മകനും.
അത്തരം മുങ്ങലുകള്‍ക്കിടയിലൂടെയാണ് സോണിയാകമ്പനിയുടെ കൊച്ചുമുതലാളിയുടെ നടപ്പ് ഇന്നാട്ടിലാണങ്കിലും കിടപ്പും വിചാരിപ്പുമൊക്കെ ബ്രിട്ടനിലാണന്ന വെളിപ്പടുത്തലുകള്‍ ഉണ്ടാകുന്നത്. അത്തരത്തില്‍ ഒരു ബ്രിട്ടീഷ്കമ്പനിയുടെ വല്യമുതലാളി കൂടിയാണ് ചാണ്ടിയന്‍ ആദര്‍ശാധിഷ്ഠിത അഴിമതി രാഷ്ട്രീയത്തിന് ഇനി ഒരു അഞ്ച് കൊല്ലംകൂടി ചോദിച്ച് വന്നുനില്ക്കുന്നത്.
കോടികള്‍ എന്നുകേട്ടാല്‍ അഴിമതിയെന്നുകൂടി ചേര്‍ത്തുവായിച്ചിരുന്ന യുപിഎയുടെ ഭരണകാലത്തുനിന്ന് കോടികള്‍ എന്നതിന് വികസനമെന്ന് അനുബന്ധം എഴുതിചേര്‍ത്ത എന്‍ഡിഎ യുഗത്തിന്റെ പുറംമ്പോക്കിലിരുന്നാണ് നാടുമുടിച്ച ഭരണത്തിന് വാഴ്ത്തുപാട്ടുമായി രാഹുലും കൂട്ടരും പൊടിപൊടിക്കുന്നത്. ജനരക്ഷായാത്ര ഒരുവിധം കഴിച്ച് രക്ഷപ്പെട്ട അന്തിക്കാടന്‍ ക്രിസ്തുവിന്റ അടുത്ത പരീക്ഷണശാല തുറന്നുകഴിഞ്ഞു.
ബിജുരമേശ് മുതല്‍ ബിജുരാധാകൃഷ്ണന് വരെയുള്ളവര്‍ സൃഷ്ടിക്കുന്ന സിഡി തരംഗത്തില്‍ ആകെ നാണംകെട്ട പരുവത്തിലാണ് സുധീരന്റെ പാര്‍ട്ടിയും ഇടതരും. പാളയത്തില്‍ പടതുടങ്ങി കഴിഞ്ഞു. മാണി കുഞ്ഞാപ്പയെ വാരിപ്പുണരാന്‍ വെമ്പിനില്ക്കുകയാണ്. മറുപുറത്ത് വിഎസ്- പിണറായി പതിവ് കലാപരിപാടി തുടങ്ങികഴിഞ്ഞു. ആകെ അഴിമതിക്കയത്തില്‍ മുങ്ങിത്താണ സോണിയാകമ്പനിയുടെ സിഎംഡിക്ക് കഴുത്തറ്റം മുങ്ങിയിരിക്കുന്ന ചാണ്ടിയെ കൈപിടിച്ച് താഴ്ത്തുകയല്ലാതെ ഉയര്‍ത്താനാവുമോ.
ശംഖുംമുഖം സമ്മേളനവും കഴിഞ്ഞ് കോണ്‍ഗ്രസിലെ ഐക്യപ്രഖ്യാപനവും നടത്തി സിഎംഡി മടങ്ങിയിരിക്കുന്നു. ഇനി അങ്കം കാണാന്‍ പോകുന്നതേയുള്ളൂ. തെരഞ്ഞെടുപ്പാണ് വരുന്നത്. സീറ്റ് പകുത്തെടുക്കാനുള്ള അങ്കം അകത്തുംപുറത്തതും ഐക്യദാര്‍ഢ്യത്തോടെ നടക്കാനാണ് അരങ്ങൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: