തിരുവനന്തപുരം: റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. റബ്ബര്‍ബോര്‍ഡും എല്‍ഐസിയും ചേര്‍ന്നു നടപ്പാക്കുന്ന ഗ്രൂപ്പ്ലൈഫ് ഇന്‍ഷ്വറന്‍സ് കം ടേര്‍മിനല്‍ ബെനിഫിറ്റ് സ്കീം പദ്ധതിയുടെ നാലാം ഘട്ടത്തിലേക്കാണ് റബ്ബര്‍ ടാപ്പര്മാരില് നിന്നും അപേക്ഷ ക്ഷണിച്ചത്.
പദ്ധതിയില്‍ ചേരുന്ന ടാപ്പര്‍മാര്‍ക്ക് സ്വാഭാവികമരണങ്ങള്ക്കും അപകടമരണങ്ങള്‍ക്കും അപകടങ്ങള്‍ മൂലമുള്ള അംഗവൈകല്യങ്ങള്‍ക്കും നഷ്ടപരിഹാരം ലഭിക്കും. കാലാവധി പൂര്‍ത്തിയാകുന്ന ക്രമത്തില്‍ അംഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട തുക ആനുകൂല്യങ്ങള്‍ സഹിതം തിരികെ നല്‍കും.
അംഗങ്ങളായിച്ചേരുന്നവരുടെ, ഒന്പതുമുതല് പന്ത്രണ്ടു വരെ കഌസ്സുകളിലും ഐറ്റിഐ കോഴ്സുകളിലും പഠിക്കുന്ന കുട്ടികള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി ഒരുവര്‍ഷം 1200 രൂപ വരെ സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും.
ഒരേക്കറില്‍ കുറയാതെയുള്ള ചെറുകിട റബ്ബര്‍തോട്ടങ്ങളില്‍ ടാപ്പുചെയ്യുന്നവരും പ്ലാന്റേഷന്‍സ് ലേബര്‍ ആക്ടി(1951)ന്റെ പരിധിയില്‍ വരാത്തവരുമായ 18 വയസ്സുമുതല്‍ 59 വയസ്സുവരെയുള്ള ടാപ്പിങ് തൊഴിലാളികള്‍ക്കാണ് അംഗത്വം നല്‍കുക. പദ്ധതിയില്‍ ചേരുന്നതിനുള്ള കുറഞ്ഞ വിഹിതം 300 രൂപയാണ്. അടയ്ക്കുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിക്കും. കൂടാതെ, ഓരോ അംഗത്തിന്റെയും പേരില്‍ 400 രൂപ വീതം റബ്ബര്‍ ബോര്‍ഡും അടയ്ക്കും.
ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരുന്നതിനുള്ള അപേക്ഷാഫോറങ്ങള്‍ റബ്ബര്‍ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസുകളില്‍ നിന്നു സൗജന്യമായി ലഭിക്കും. മാര്‍ച്ച് 10-നു മുമ്പ് സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: