തലശ്ശേരി: കണ്ണൂരില്‍ സിപിഎമ്മിനെതിരായ രാഷ്‌ട്രീയ കേസുകളുടെ പശ്ചാത്തലത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.ആസഫലി, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഇന്‍ചാര്‍ജ്ജ് അശോകന്‍ അരിപ്പയില്‍, പരിയാരം മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ.അഷറഫ് എന്നിവര്‍ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
കഴിഞ്ഞ രാത്രിയോടെയാണ് മൂന്നുപേര്‍ക്കും സുരക്ഷ ഏര്‍പ്പെടുത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിത്. തലശ്ശേരി ജില്ലാ കോടതിക്ക് സമീപത്തെ ആസഫലിയുടെ പ്ലസന്റ് ശാന്തോ എന്ന വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ തന്നെ പോലീസ് നിരീക്ഷണം തുടങ്ങി. മൊബൈല്‍ പട്രോളിംഗ് സംഘമാണ് വീടിന് പരിസരത്ത് നിലയുറപ്പിച്ചിട്ടുള്ളത്. തലശ്ശേരി ബാറില്‍ അഭിഭാഷനായിരിക്കെ ആസഫലി നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ലാവ്‌ലിന്‍ കേസിന് തുടക്കം കുറിച്ചത്.
ഷുക്കൂര്‍, മനോജ്, ഫസല്‍ വധക്കേസുകളില്‍ സിപിഎം നേതാക്കള്‍ക്കെതിരെയുള്ള നടപടികളെ തുടര്‍ന്ന് അസഫലിക്കെതിരെ ഒരുവിഭാഗം പ്രതിഷേധം ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.
പി.ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും പാര്‍ട്ടിയുടെ എതിര്‍പ്പ് മറി കടന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോയതിന്റെ പശ്ചാത്തലത്തിലാണ് ജയില്‍ സൂപ്രണ്ടിന്റെ വീടിന് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സിബിഐക്ക് മുന്നില്‍ ജയരാജന്റെ യഥാര്‍ത്ഥ ആരോഗ്യസ്ഥിതി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഏതെങ്കിലും തരത്തിലുളള പ്രതിഷേധം ഡോക്ടര്‍ക്കെതിരെ ഉണ്ടാകുമെന്ന സംശയത്തെ തുടര്‍ന്നാണെന്നായിരുന്നു പരിയാരം മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ.അഷറഫിന്റെ വിളയങ്കോടുള്ള വീടിനും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ മണിക്കൂറും ഇവരുടെ വീടിന് മുന്നിലെത്തി അവിടെയുള്ള പോലീസ് ബീറ്റ്ബുക്കില്‍ നിരീക്ഷണം സംബന്ധിച്ച വിവരം രേഖപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: