ആലപ്പുഴ: ദേശീയപാതയിലെ തുമ്പോളി ജങ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇന്നലെ കാറിടിച്ചു വിദ്യാര്‍ഥിനിക്കു ഗുരുതരപരിക്കേറ്റു. മാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി നിയ ക്ലീറ്റസി(14)നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. സ്കൂളിലെ മോഡല്‍ എക്സാം കഴിഞ്ഞു കൂട്ടുകാരോടൊപ്പം റോഡ് കുറുകെ കടക്കുന്നതിനിടെ തെക്കുനിന്നെത്തിയ കാറിടിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരും ഓട്ടോഡ്രൈവര്‍മാരും ചേര്‍ന്നു ഇടിച്ച കാറില്‍തന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരപരിക്കേറ്റ വിദ്യാര്‍ഥിനിയെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. ഈ ജങ്ഷനില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി അപകടങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിലപ്പെട്ട നിരവധി ജീവനുകളാണ് ഇവിടെ നഷ്ടമായത്. ആഴ്ചകള്‍ക്കുമുമ്പാണ് നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു നാലുപേര്‍ക്കു പരിക്കേറ്റത്. സമീപം സ്കൂള്‍ ഉള്ളതിനാല്‍ രാവിലെയും വൈകുന്നേരവും ഇവിടെ ട്രാഫിക് പോലീസ് എത്തി വാഹനം നിയന്ത്രിക്കുന്നതാണ്. എന്നാല്‍ അപകടങ്ങള്‍ ഏറിയ ഇവിടെ സ്ഥിരം ഡ്യൂട്ടിക്കു ട്രാഫിക് പോലീസിനെ നിയോഗിക്കുകയോ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുകയോ ചെയ്യണമെന്ന് ആവശ്യമുയരുന്നു
















