ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ രാജ്യവിരുദ്ധ ശക്തികള്‍ക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്തുണ നല്‍കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ ദേശസ്നേഹം ഇതാണോയെന്നും അമിത് ഷാ ചോദിച്ചു. അതിനിശിതമായ വിമര്‍ശനമാണ് ബിജെപി ദേശീയ അധ്യക്ഷന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും രാഹുല്‍ഗാന്ധിക്കുമെതിരെ ഉന്നയിച്ചത്.
രാജ്യവിരുദ്ധ ശക്തികളെ പിന്തുണച്ച രാഹുല്‍ഗാന്ധി രാജ്യത്തോട് മാപ്പു പറയണം. രാജ്യത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കരുത്. പാര്‍ലമെന്റ് ആക്രമിച്ചതിന് തൂക്കിലേറ്റിയ അഫ്സല് ഗുരുവിനെ ആരാധിക്കുന്നവര്‍ക്കും കാശ്മീരിനെ വിഘടിപ്പിക്കാന്‍ നോക്കുന്നവര്ക്കുമാണോ രാഹുല്‍ഗാന്ധി പിന്തുണ നല്‍കുന്നത്. സിയാച്ചിനിലെ മഞ്ഞുമലകളില്‍ സേവനം ചെയ്യുന്നതിനിടെ വീരമൃത്യു വരിച്ച പത്തു സൈനികര്‍ക്ക് രാഹുല്‍ഗാന്ധിയുടെ ആദരാഞ്ജലികള്‍ ദേശവിരുദ്ധരുമായി കൈകോര്ത്തുകൊണ്ടാണോ അര്‍പ്പിക്കുന്നത്, അമിത് ഷാ ചോദിച്ചു.
ജെഎന്‍യു ക്യാമ്പസില്‍ രാജ്യവിരുദ്ധമായ കാര്യങ്ങള്‍ നടക്കുമ്പോള്‍ അതു തടയാതെ മിണ്ടാതെയിരിക്കണമെന്നാണോ രാഹുല്‍ഗാന്ധി പറയുന്നത്. അത്തരത്തിലുള്ള നിലപാട് രാജ്യത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമാകില്ലേ. ദേശവിരുദ്ധ ശക്തികളുമായി കൂട്ടുചേര്‍ന്ന നാണംപെട്ട പ്രവൃത്തിയില്‍ ഏര്‍പ്പെടാന്‍ രാഹുലിന്് ലജ്ജയില്ലേയെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ചോദിച്ചു.
കേന്ദ്രസര്‍ക്കാരിനോട് യുദ്ധം ചെയ്യുന്നതിന് ദേശവിരുദ്ധ ശക്തികളുമായി കൈകോര്‍ക്കാനാണ് രാഹുല്‍ഗാന്ധിയുടെ ശ്രമം. ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പം മുദ്രാവാക്യം വിളിച്ചതുവഴി രാജ്യത്തെ വീണ്ടും വിഭജിക്കാനുള്ള ശ്രമത്തിന് രാഹുല്‍ പിന്തുണ നല്കുകയാണോ. രാഹുല്‍ഗാന്ധി ഭാരതത്തെ ഹിറ്റലറുടെ ജര്‍മ്മനിയുമായാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഹിറ്റ്ലറുടെ ജര്‍മ്മനിയായി ഭാരതം മറിയത് 1975ല്‍ ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥക്കാലത്താണ്. അഫ്സല്ഗുരുവിനെ പിന്തുണയ്ക്കുന്നതുവഴി എന്തുതരം ദേശീയതയാണ് രാഹുല്‍ഗാന്ധി പ്രദര്‍ശിപ്പിച്ചത്. രാഹുലും സോണിയാഗാന്ധിയും രാജ്യത്തോട് മാപ്പുപറയണം, അമിത് ഷാ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: