അരൂര്‍: സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ മള്‍ട്ടിമീഡിയ കഌസ് റൂം ചന്തിരൂരില്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും.
ചന്തിരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡി സ്‌കൂളില്‍ സ്ഥാപിച്ച മള്‍ട്ടിമീഡിയ കഌസ് റൂം പകല്‍ രണ്ടിന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ എ. എം. ആരിഫ് എംഎല്‍എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ വിദ്യാഭ്യാസ സന്ദേശം നല്‍കും. കംപ്യൂട്ടര്‍, എല്‍സിഡി പ്രോജക്ടര്‍ ആന്‍ഡ് ഇന്ററാക്ടീവ് സ്മാര്‍ട്ട് ബോര്‍ഡ്, പ്രത്യേക ഇഫക്ടോടുകൂടിയ സൗണ്ട്‌സിസ്റ്റം, വൈഫൈ സൗകര്യമുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍, അധിപഠന സൗകര്യത്തിന് ഉപയോഗിക്കുന്ന ഓഡിയോ വീഡിയോ ചിത്രഗാലറി, ഡിജിറ്റല്‍ ലൈബ്രറി സൗകര്യം, ആധുനികരീതിയിലുള്ള കസേര, മേശ, അലമാര തുടങ്ങിയ എല്ലാ സൗകര്യങ്ങളോടുകൂടി പൂര്‍ണമായും ശീതികരിച്ച മുറിയിലാണ് ഡിജിറ്റല്‍ മള്‍ട്ടിമീഡിയ കഌസ്‌റൂം സജ്ജമാക്കിയിരിക്കുന്നത്.
ശാസ്ത്രസാങ്കേതിക വിദ്യയിലൂടെ ഇന്ത്യയെ വാനോളം ഉയര്‍ത്തിയ ഡോ. എ. പി. ജെ. അബ്ദുള്‍കലാമിന്റെ നാമധേയത്തിലാണ് ഡിജിറ്റല്‍ മള്‍ട്ടി മീഡിയ കഌസ് റൂം ഒരുക്കിയത്.
















