കക്ഷിപരമായ വേര്‍തിരിവിനപ്പുറം, ഏതു കക്ഷിയില്‍പ്പെട്ടവര്‍ക്കും പ്രിയപ്പെട്ട ഒരു സാഹിത്യകാരന് ഒഎന്‍വി കുറുപ്പിനെപോലെ മറ്റൊരാള്‍ മലയാളത്തില്‍ ഇല്ല. ഏതുകാര്യത്തിലും പെട്ടെന്നുള്ള പ്രതികരണവും ക്ഷോഭപ്രകടനവും ഒക്കെ ഏവര്‍ക്കും സ്വീകരണക്ഷമമായത്, നാടിന്റെയും നാട്ടാരുടെയും ഭാഷയുടെയും പുരോഗതിക്കുവേണ്ടിയുള്ള ഉത്കണ്ഠമാത്രമാണ് അതിന്റെ പിന്നില്‍ എന്ന് അറിയാവുന്നതുകൊണ്ടാണ്. ജീവിതത്തിന്റെ ലളിതവും മനോഹരവും ഇന്ദ്രിയാനുഭവപ്രധാനവും ആയ സന്ദര്‍ഭങ്ങളിലേക്ക് ഒതുങ്ങിനിന്നു അദ്ദേഹത്തിന്റെ വീക്ഷണം എന്നതു ശരിയാണ്. എന്നാല്‍ പ്രതീകഭാഷയും വശമുണ്ട്.
പ്രസിദ്ധമായ ‘വളപ്പൊട്ടുകള്‍’ രാഷ്ട്രീയരംഗത്തെ നൈരാശ്യത്തിന്റെ സൂചനയാണ്. ‘നാലുമണിപ്പൂക്കള്‍’ വ്യക്തിപരമായ ദുഃഖത്തിന്റെ സാര്‍വ്വലൗകിക ഭാഷ്യമാണ്. ഇവിടെയും ദുര്‍ഗ്രഹത ഒട്ടും കടന്നുകൂടരുത് എന്നാണ് കവിപക്ഷം. ഇത്ര ലളിതമായി, സുഘടിതമായി, ആശയവ്യക്തതയോടെ എഴുതുമ്പോഴും കവിതയുടെ ലാവണ്യം എന്നു നാം പറയുന്ന പദശക്തി എന്നത് നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ അദ്ദേഹത്തിനറിയാം. സമകാലികരായ ചങ്ങമ്പുഴ അനുകര്‍ത്താക്കളില്‍ നിന്ന് അദ്ദേഹം വളരെ അകലെയാണ്. മുദ്രാവാക്യപ്രവീണന്മാരായ വിപ്ലവകവികളില്നിന്നും അതുപോലെതന്നെ അകലെയാണ്. അങ്ങനെയൊരു തനതു കാവ്യമണ്ഡലം അദ്ദേഹത്തിനുണ്ട്. അതിന്റെ ഉറവ കാല്പനിക ഭാവുകത്വംതന്നെ.
ചിലേടത്ത് വൈലോപ്പിള്ളിയെ അനുസ്മരിപ്പിക്കുന്ന ഭാവുകത്വം. എന്നാല്‍ തൊഴിലാളിവര്‍ഗ്ഗ പ്രേമത്തോടൊപ്പം ജന്മിക്കു തുരങ്കംവയ്ക്കുന്ന തീപ്പന്ത വിപ്ലവത്തോടുള്ള പ്രതിഷേധവും പ്രകടിപ്പിക്കുന്നിടത്ത് ഈ കാല്പനിക ഭാവുകത്വത്തില്‍ നിന്ന് ഒഎന്‍വി വിട്ടുമാറുന്നു. തൊഴിലാളി പക്ഷത്ത് ചേര്ന്നുനില്ക്കുന്നു. അവരുടെ പ്രസ്ഥാനത്തിന് കാലചക്രഭ്രമണത്തില്‍ അര്‍ഹമായ ഇടംവേണം എന്ന നിര്‍ബന്ധം പാര്‍ട്ടിയുടെ പ്രമാണമായിട്ടല്ല, മാനുഷികതയുടെ പരിണാമഘട്ടമായിട്ടാണ് ഈ കവി കാണുന്നത് എന്നു കരുതേണ്ടിവരുന്നു.
ഗോര്‍ബച്ചേവ് റഷ്യയില്‍ നടത്തിയ പരിവര്ത്തനത്തെപ്പോലും അക്കാരണത്താല്‍ സ്വാഗതം ചെയ്യാന്‍ ഒഎന്‍വി തയ്യാറല്ല. തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യത്തില്‍ വിശ്വസിച്ചു. കേരളീയ പശ്ചാത്തലം അതിനു പ്രേരിപ്പിച്ചു.
എന്നാല്‍ ഇപ്പറഞ്ഞ വിശ്വാസത്തെയും തകിടം മറിക്കുന്നതാണ് ‘ഭൂമിക്ക് ഒരു ചരമഗീതം.’ സാര്‍വ്വലൗകിക രംഗത്തെ അക്രമാസക്തവും നീതിരഹിതവുമായ ദൃശ്യങ്ങള്‍ മനസ്സാക്ഷിയെ മഥിച്ചപ്പോള്‍ ഒരു യഥാര്‍ത്ഥ കവിയുടെ ആത്മനൊമ്പരം അദ്ദേഹം രേഖപ്പെടുത്തി. ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രം സഹായഹസ്തം നീട്ടും എന്ന വിശ്വാസം അവിടെ ഒട്ടും അവശേഷിക്കുന്നില്ല. ഹൃദയഭേദകമായി മാതൃഭൂമിയോട് മനുഷ്യന് കാട്ടുന്ന ക്രൂരത.
ഇഷ്ടവധുവാം നിന്നെ
സൂര്യനണിയിച്ചൊരാ-
ചിത്രപട കഞ്ചുകം ചിന്തി
നിന് നഗ്നമേനിയില്‍ നഖം
താഴ്ത്തി, മുറിവുകളില്‍
നിന്നുതിരും ഉതിരമവര്‍മോന്തി
ആടിത്തിമര്‍ക്കും തിമര്പ്പുകളിലെങ്ങെങ്ങു
ആര്‍ത്തലയ്ക്കുന്നു മൃതിതാളം!
ലാവണ്യതാളം ഇഷ്ടപ്പെട്ടുപോന്ന കവിശീലം മൃതിതാളം കേള്‍ക്കേണ്ടിവന്നു. കേള്‍ക്കാന്‍ അദ്ദേഹം മടിച്ചില്ല. നമ്മെ കേള്‍പ്പിക്കുകയും ചെയ്തു.
മൃതിതാളം ഒരു ജീവിത സത്യംതന്നെ. എന്നാല്‍ കവി ജീവിക്കുന്നത് സ്മൃതിതാളത്തിലാണ്. ഈ സ്മൃതി കൈലാസത്തിലെ ശ്രീപരമേശ്വരനിലും ത്രേതായുഗത്തിലെ സരയൂനദിയില്‍ അടിഞ്ഞ ശ്രീരാമകഥയിലും യമുനാനദീതടത്തിലെ രാധാകൃഷ്ണ പ്രേമത്തിലും വ്യാപിക്കുന്നു. ഒഎന്‍വിയുടെ സ്മൃതിതാളം അഗാധമായ ആത്മാവബോധത്തിന്റെ സൂചന നല്‍കുന്നുണ്ട്.
ഏതു വിഷവുമെടുത്തു പാനം
ചെയ്തു പാടാനും
ഏതു ചുടലക്കനലിലും
ചുവടൂന്നിയാടാനും
ഏതു തുടിതന്‍ നാദമടിമുടി കരുത്തേകുന്നു
ആ കടുംതുടി എന്റെ നാഡികളില്‍ മുഴങ്ങുന്നു
(മൃഗയ- സ്മൃതിതാളങ്ങള്‍)
ഈ കവി ഗംഗാനദിയുടെ ഓളത്തിലേക്ക് വിളക്കുകത്തിച്ചു വിടുന്നതില്‍ അതിശയിക്കാനില്ല. ഒരു സാധാരണ കവിക്ക് വേണമെങ്കില്‍ പറയാം ഈ വിളക്ക് വിപ്ലവത്തിന്റെ ജ്വാലയാണെന്ന്. അല്ല എന്നു നിശ്ചയമുള്ള കവി അതിന്റെ ഉന്നം തിരിച്ചറിയുന്നു. ആ ഗംഗാവിളക്കുകള്, കവിക്ക്
‘സൂര്യരഥം പോയ് മറയും ദൂരതീരം തേടി
നൂറുനൂറു സ്വര്‍ണ നീര്‍ക്കിളികള്‍
നീന്തുംപോലെ
ഉദ്ഗതമാം മന്ത്രപുഷ്പ
കേസരങ്ങള്പോലെ
ഹൃത്തിലെഴും പ്രാര്‍ത്ഥനകള്‍
പൂത്തിറങ്ങും പോലെ’
ആകുന്നു. ‘മൃഗയ’ എന്ന സമാഹാരത്തിലെ ഓരോ കവിതയും ഭാരതീയ പൗരാണിക പശ്ചാത്തലത്തിലുള്ള ഉജ്ജ്വല ജീവിത കഥാഖ്യാനത്തിലേക്കാണ് നമ്മെ കൊണ്ടുപോകുന്നത്. ഒഎന്‍വിയുടെ ഭാവന ജനപ്രീതിയെ ലാക്കാക്കി കേരളീയ ഗ്രാമജീവിതത്തിന്റെ ചലനങ്ങള്‍ പകര്‍ത്തിക്കാണിക്കുന്നു എന്നു കരുതാനാണ് പലര്‍ക്കും താത്പര്യം. നാടകഗാനങ്ങളിലും സിനിമാ ഗാനങ്ങളിലും ഒരുപക്ഷെ അതാവും അദ്ദേഹം കാട്ടിത്തന്നത്. അതിനും അപ്പുറത്താണ് കവിയുടെ ഗോളാന്തര വ്യാപ്തിയുള്ള വിഹാരരംഗം എന്ന് തിരിച്ചറിയേണ്ടതുണ്ട്.
പില്ക്കാലത്ത് ആധുനിക കവികള്‍ ചെന്നുപെട്ടത് കാവ്യാരാമത്തിലല്ല, മണല്‍ക്കാട്ടിലാണ്. ഗദ്യാത്മകതയുടെ ചൊരിമണല്‍. ഏതൊക്കെയോ പാശ്ചാത്യകവികളെ അനുകരിച്ച് പാണ്ഡിത്യം തെളിയിക്കാനുള്ള വെമ്പല്‍. ശില്പത്തെപറ്റി ഒരു ബോധമില്ലാതെ, നാടിന്റെ പാരമ്പര്യശീലത്തെ അനുസ്മരിക്കുന്നത് പഴഞ്ചനാണ് എന്ന നാട്യത്തോടെ ആധുനിക- അത്യന്താധുനിക കവികളില്‍ പലരും കവിതയെ ജനങ്ങളില്‍നിന്ന് ബഹുദൂരം അകറ്റുകയാണ് ഉണ്ടായത്. അവരുടെ അഭിപ്രായങ്ങളോട് നാം യോജിച്ചെന്നിരിക്കും. അവരുടെ കവിത ആസ്വദനീയമാവില്ല താനും. ഒഎന്‍വിയുടെ കാര്യത്തില്‍ മറിച്ചാണ്. അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങള്‍ സ്വീകാര്യമാവില്ല. പക്ഷെ കവിത വായിക്കുമ്പോള്‍ നാം ഏറ്റവും ഇഷ്ടപ്പെട്ടു പോവുന്നത് ആ കവിയെയാണ്. ഇവിടെ, അദ്ദേഹത്തിന്റെ സാഹിത്യചരിത്രത്തിലെ പങ്ക് എന്തെന്നു വ്യക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: