ന്യൂദല്‍ഹി: ഗോള്‍മാര്‍ക്കറ്റിലുള്ള സിപിഎം കേന്ദ്രകമ്മറ്റി ഓഫീസായ എകെജി ഭവന്റെ ബോര്‍ഡില്‍ പാക്കിസ്ഥാനി ഓഫീസെന്ന് കരിയോയില്‍ കൊണ്ടെഴുതി അജ്ഞാത സംഘത്തിന്റെ പ്രതിഷേധം. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം.
ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസിലെ പ്രതികള്‍ക്ക് അനുകൂലമായ നിലപാടെടുത്തതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ സിപിഎം ഓഫീസിന് നേരേ കരിയോയില്‍ പ്രയോഗിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായിട്ടുണ്ട്. ആംആദ്മി സേന എന്നെഴുതി തൊപ്പിയും ധരിച്ചെത്തിയ പ്രതിഷേധക്കാര്‍ മാധ്യമങ്ങളെ നേരത്തെതന്നെ വിവരം അറിയിച്ചിരുന്നു. ദൃശ്യമാധ്യമങ്ങളെല്ലാം എത്തിയെന്ന് ഉറപ്പാക്കിയശേഷമായിരുന്നു പ്രതിഷേധം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി ഓഫീസില്‍ ഇരിക്കുന്ന സമയത്ത് നടന്ന പ്രതിഷേധം സിപിഎമ്മിന് വലിയ നാണക്കേടായി മാറി.
പ്രതിഷേധക്കാര്‍ പാര്‍ട്ടി ഓഫീസിനു മുന്നില്‍നിന്ന് പാക്കിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യവും വിളിച്ചു. എന്നാല്‍ സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്നാരോപിച്ച് സീതാറാം യെച്ചൂരി രംഗത്തെത്തി.
















