അക്ഷരങ്ങള്‍കൊണ്ട് അഗ്നിയും അമ്പിളിയും അനുരാഗവും ആശ്വാസവുമെല്ലാം ചേര്‍ത്ത് മായാപ്രപഞ്ചം സൃഷ്ടിച്ച മഹാപ്രതിഭ. മലയാളത്തിന്റെ അഭിമാനവും ഒരുവേള സ്വകാര്യ അഹങ്കാരവുമായ ഒഎന്‍വി. അദ്ദേഹം സൃഷ്ടിച്ച സാമ്രാജ്യം ഇനി ആസ്വാദകര്‍ക്കും ആരാധകര്‍ക്കും സ്വന്തം. ഏഴു പതിറ്റാണ്ടോളം കവിതയും ഗാനങ്ങളും മറ്റുസാഹിത്യരൂപങ്ങളുംകൊണ്ട് സാംസ്കാരിക കേരളത്തെ ധന്യമാക്കിയ ഒഎന്‍വി ഇനി ജ്വലിക്കുന്ന ഓര്‍മ്മ. ശതാഭിഷേകത്തിനുശേഷമാണ് മഹാനായ കവി മണ്മറഞ്ഞത്.
കൊല്ലം ജില്ലയിലെ ചവറയില്‍ ഇടത്തരം കുടുംബത്തില്‍ ജനിച്ച് വിശ്വത്തോളം വളര്‍ന്ന ഈ ഗുരുശ്രേഷ്ഠന് ഭാരതീയ സംസ്കൃതിയുടെ എല്ലാ ശാഖകളിലൂടെയും കടന്നുപോയതായി കാണാം. വിദ്യാര്‍ത്ഥിയായിരിക്കെ തികഞ്ഞ ഈശ്വരഭക്തനായിരുന്നു ഒഎന്‍വി. ദിവസം മൂന്നും നാലും ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി നിന്നതിനുശേഷമേ സരസ്വതീക്ഷേത്രത്തിലെത്തുമായിരുന്നുള്ളൂ. അധ്യാപകനും കവിയും എഴുത്തുകാരനുമായി വളര്‍ന്ന് ഇടതുചായ്വ് പ്രകടിപ്പിക്കുമ്പോഴും അദ്ദേഹമൊരു ദൈവനിഷേധിയായിരുന്നില്ല. ഈശ്വര വിശ്വാസവും ആചാരമര്യാദകളുമെല്ലാം അനാവശ്യമെന്നോ അന്ധവിശ്വാസമെന്നോ പേരിട്ട് പടികടത്തിയിരുന്നുമില്ല. ഒഎന്‍വിയെ സ്വന്തമാക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ എന്നും ശ്രദ്ധിക്കുമായിരുന്നു.
നല്ലതിനെ അംഗീകരിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്നത് ഒഎന്‍വിയുടെ ശീലമായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ദേശഭക്തിയാല്‍ ഒഎന്‍വി ഏറെ സംതൃപ്തനായിരുന്നു. അതുകൊണ്ടാണല്ലോ ആര്‍എസ്എസിന്റെ ഗണഗീതത്തിലേക്ക് ഒഎന്‍വിയുടെ സംഭാവനയും ഉണ്ടായത്. ‘ ഭാരത ഹൃദയ വിപഞ്ചിയിലുണരും രാഗമാലിക നാം’ എന്നു തുടങ്ങിയ ഗീതം ആര്‍എസ്എസ് ശാഖയില്‍ ആലപിക്കാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. ഒഎന്‍വിയുടെ സൃഷ്ടികള്‍ മിക്കതും ദേശീയതയെ പ്രോജ്ജ്വലിപ്പിക്കുന്നതായിരുന്നു. മനുഷ്യനോടും പ്രകൃതിയോടും മാത്രമല്ല സകല ജീവജാലങ്ങളോടും കൂറും ഭക്തിയും ആദരവും പ്രകടിപ്പിച്ച ഒഎന്‍വിയുടെ ആലാപനങ്ങളും അസൂയാവഹമായിരുന്നു. ഓരോ വാക്കും വാചകങ്ങളും അതര്‍ഹിക്കുന്ന താളത്തിലും ശബ്ദത്തിലും അവതരിപ്പിക്കാനുള്ള ഒഎന്‍വിയുടെ കഴിവ് അനനുകരണീയമാണ്. തന്റെ സൃഷ്ടികളിലും ഇവയെല്ലാം തെളിഞ്ഞുകാണാം.
ഇതിഹാസങ്ങളെയും തീര്‍ത്ഥസ്ഥാനങ്ങളെയും മനസ്സില്‍ പ്രതിഷ്ഠിച്ചുള്ള ഒഎന്‍വിയുടെ വരികള്‍ കാലമെത്ര പിന്നിട്ടാലും പ്രസരിപ്പോടെ നിലനില്ക്കുക തന്നെ ചെയ്യും.
ആദ്ധ്യാത്മികതയിലും ദേശഭക്തിയിലും ഒഎന്‍വിക്ക് എത്രമാത്രം മതിപ്പുണ്ടെന്നതിന്റെ മറ്റൊരു തെളിവു കൂടിയുണ്ട്. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികം ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ട് വര്‍ഷം മുമ്പ് നടക്കുകയുണ്ടായി. ആ പരിപാടിയുമായി പലതരത്തിലും സഹകരിച്ച ഒഎന്‍വി, വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വര്‍ജിയുടെ അഭ്യര്‍ത്ഥന മാനിച്ച് സ്വാമി വിവേകാനന്ദനെ കുറിച്ച് തയ്യാറാക്കിയ രചന ഏറെ വിലപ്പെട്ടതാണ്. ആറന്മുള പൈതൃക സംരക്ഷണ സമിതിയുടെ രക്ഷാധികാരി സ്ഥാനത്തിരുന്ന് ആറന്മുള വിമാനത്താവളത്തിനെതിരെ നടത്തിയ സമരത്തിന് ധാര്‍മ്മിക പിന്തുണ നല്കി.
മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിക്കാന്‍ സ്വന്തം ശബ്ദവും ശക്തിയും പ്രയോഗിക്കുക മാത്രമല്ല മറ്റുള്ളവരെ പ്രേരിപ്പിച്ചിറക്കാനും ഒഎന്‍വിയെപ്പോലെ പ്രയത്നിച്ച മറ്റൊരാളില്ല. ഭാഷ മരിക്കുന്നതിനെതിരെ, വികലമാക്കപ്പെടുന്നതിനെതിരെ നിരന്തരം അദ്ദേഹം കലഹിച്ചു. ആദ്യമൊക്കെ അതിന് ചെവികൊടുക്കാന്‍ അധികാരവൃന്ദങ്ങളൊന്നും കൂട്ടാക്കിയിരുന്നില്ലെങ്കിലും ഒഎന്‍വിയുടെ കാവ്യമനസ്സ് അടങ്ങിയില്ല. താനാഗ്രഹിച്ചതുപോലെ ശ്രേഷ്ഠഭാഷാ പദവി ഒടുവില്‍ ലഭിച്ചെങ്കിലും അത് അര്‍ത്ഥപൂര്‍ണ്ണമായി വികസിക്കുന്നത് കാണാനുള്ള സാവകാശം ലഭിക്കുന്നതിന് മുമ്പാണ് വിധി ജീവനെടുത്തത്. രാഷ്ട്രം അര്‍ഹിക്കുന്ന ആദരം- പത്മവിഭൂഷണ്‍- നല്കി ഒഎന്‍വിയെ ആദരിച്ചു. അതിനുപുറമെ ജ്ഞാനപീഠവും അദ്ദേഹത്തെ തേടിയെത്തി. ഒഎന്‍വിക്ക് ലഭിച്ച പുരസ്കാരങ്ങളൊന്നും സംഘടിപ്പിച്ചതല്ല എന്നു പറയേണ്ടിയിരിക്കുന്നു. എഴുത്തച്ഛന് പുരസ്കാരവും രാമാശ്രമം പുരസ്കാരങ്ങളും വള്ളത്തോള്‍ അവാര്‍ഡും ചലച്ചിത്ര അവാര്‍ഡുകളും ആശാന് പ്രൈസും വയലാര്‍ അവാര്‍ഡുമെല്ലാം അര്‍ഹിക്കുന്ന കരങ്ങളെ തേടിയെത്തി സമര്‍പ്പിക്കുകയായിരുന്നു.
സ്ഥാപനങ്ങളും സംഘടനകളും നല്കുന്ന ശില്പങ്ങളോ മംഗളപത്രങ്ങളോ പാരിതോഷികങ്ങളോ അല്ല ജനങ്ങളുടെ അംഗീകാരമാണ് ഏറ്റവും വലിയ നേട്ടം. അതുണ്ടാക്കാന്‍ ഒഎന്‍വി എന്ന പ്രതിഭയ്ക്ക് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സാധിച്ചിരുന്നു. നേരിട്ട് കാണുകയോ പരിചയപ്പെടുകയോ ചെയ്യാന്‍ അവസരം ലഭിക്കാത്തവര്‍ ഒഎന്‍വി ഗാനങ്ങളുടെ ഒരു വരിയെങ്കിലും കേള്‍ക്കുകയോ മൂളുകയോ ചെയ്യാത്ത ദിവസങ്ങളുണ്ടാകില്ല. അതില്പരം അംഗീകാരമെന്തുണ്ട്. കവി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞാലും കവിതയ്ക്ക് മരണമില്ല. അതുകൊണ്ടുതന്നെ മലയാളമുള്ള കാലത്തോളം ഒഎന്‍വിയും നമുക്കൊപ്പമുണ്ടാകും. ഒഎന്‍വി ഒരിക്കല്‍ പറഞ്ഞതുപോലെ ശ്രേഷ്ഠമായ ആത്മാവിന് നിത്യശാന്തി ഉറപ്പാണ്. അതുകൊണ്ടുതന്നെ ഇതിനായുള്ള പ്രാര്‍ത്ഥന അര്‍ത്ഥശൂന്യമാണ്. ആ വലിയ മനുഷ്യന് ഞങ്ങളും ആദരവോടെ അന്ത്യപ്രണാമം അര്‍പ്പിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: