കോഴിക്കോട്: ആരാധകരെ നിരാശരാക്കി സെമി ഫൈനല്‍ പോലും കാണാതെ അര്‍ജന്റീന അണ്ടര്‍ 23 ടീം നാഗ്ജി കപ്പില്‍ നിന്ന് പുറത്തായി. ഷാംറോക്ക് റോവേഴ്‌സ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീനയെ തകര്‍ത്തത്. ഷാംറോക്കിനായി കില്യന്‍ ബ്രണ്ണനാണ് ഗോള്‍ നേടിയത്.
67-ാം മിനിറ്റിലാണ് ഷാംറോക്കിന്റെ വിജയ ഗോള്‍ പിറന്നത്.
അര്‍ജന്റൈന്‍ ഗോള്‍ പോസ്റ്റിന് 35 വാര അകലെ നിന്ന് ലഭിച്ച ഫ്രീകിക്ക് പകരക്കാരനായി കളത്തിലിറങ്ങിയ കില്യന്‍ ബ്രണ്ണനാണ് വലയിലെത്തിച്ചത്. ബ്രണ്ണന്റെ ഇടങ്കാലന്‍ ഷോട്ട് തടുത്തിടാന്‍ അര്‍ജന്റൈന്‍ ഗോളി മാര്‍ട്ടിസ് കാപുറ്റോ പറന്നു ചാടിയെങ്കിലും പന്ത് പോസ്റ്റിന്റെ വലതു മൂലയിലേക്ക് പതിച്ചു. ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നു കളിച്ച അര്‍ജന്റീന ഷാംറോക്ക് ഗോള്‍ മുഖത്തേക്ക് നിരന്തരം മുന്നേറ്റം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
80-ാം മിനിറ്റില്‍ മൗറോ ഓര്‍ട്ടിസ് ഇടതു വിങ്ങിലൂടെ നടത്തിയ പ്രത്യാക്രമണം ഗോളില്‍ കലാശിക്കുമെന്ന് കരുതിയെങ്കിലും തലയ്‌ക്ക് പാകത്തിനു വന്ന പന്ത് ഫ്രാങ്കോയ്‌ക്ക് ഹെഡ് ചെയ്യാനായില്ല.
കളിയുടെ ആദ്യ പകുതി വിരസമായിരുന്നു. സെമിപ്രതീക്ഷ അസ്തമിച്ചതിനാല്‍ അവസാന റൗണ്ട് മത്സരം വിജയിച്ചു വിടവാങ്ങനൊരുങ്ങിയ ജൂലിയേ ഒലാര്‍ത്തെ കൊച്ചെയുടെ ടീമിനെ അഭിവാദ്യങ്ങളോടെയാണ് കാണികള്‍ വരവേറ്റത്. മത്സരത്തിനു മുന്നോടിയായി കേരളത്തിനു നന്ദി പറഞ്ഞു കൊണ്ടാണ് അര്‍ജന്റീന കളി തുടങ്ങിയത്. ആദ്യ നിമിഷങ്ങളില്‍ തന്നെ ഷാംറോക്കില്‍ നിന്ന് പന്തു തട്ടിയെടുത്ത് അര്‍ജന്റീന മുന്നേറ്റം ആരംഭിച്ചു. അര്‍ജന്റീനയുടെ ആക്രമണം പ്രതീക്ഷിച്ചിരുന്ന രീതിയിലായിരുന്നു ഷാംറോക്കിന്റെ പ്രതിരോധം. അര്‍ജന്റീനയുടെ മുന്നേറ്റങ്ങള്‍ ഷാംറോക്കിന്റെ പ്രതിരോധ നിരയില്‍ പലതവണ തട്ടിത്തകരുന്ന കാഴ്ചയായിരുന്നു തുടക്കം മുതല്‍ കണ്ടത്. ഇടവേളകളില്‍ വലതു വിങ്ങില്‍ നിന്നും ജോനാഥന്‍ ബെനിറ്റേസ് തൊടുത്തുവിട്ട മുന്നേറ്റങ്ങള്‍ മാത്രമായിരുന്നു ഷാംറോക്കിനെ അല്‍പ്പമെങ്കിലും സമ്മര്‍ദ്ദത്തിലാഴ്‌ത്തിയത്. ഒന്‍പതാം മിനിറ്റിലായിരുന്നു അര്‍ജന്റീനയ്‌ക്ക് പ്രതീക്ഷയേകിയ ആദ്യ കോര്‍ണര്‍ ലഭിക്കുന്നത്. ക്രിസ്റ്റിയന്‍ അമാറില തൊടുത്ത കോര്‍ണര്‍ കിക്ക് ക്യാപ്റ്റന്‍ മിഗ്വേല്‍ ബാര്‍ബേറിക്ക് സുവര്‍ണാവസരം നല്‍കിയെങ്കിലും ലക്ഷ്യത്തിലെത്താതെ പന്ത് ഗോള്‍ വലയ്‌ക്ക് മുകളിലൂടെ പറന്നു. 12-ാം മിനിറ്റില്‍ കളിയിലെ ആദ്യ മഞ്ഞ കാര്‍ഡ് അര്‍ജന്റീനിയന്‍ താരം ക്രിസ്റ്റ്യന്‍ അമാറിലെയെ വീഴ്‌ത്തിയതിന് ഡാനി നോര്‍ത്തിന് ലഭിച്ചു.
16-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ അമാറില എടുത്ത ഫ്രീകിക്ക് ലാറ്റിന്‍ അമേരിക്കന്‍ മുന്നേറ്റത്തിന്റെ തുടക്കമാണെന്ന് പ്രതീക്ഷിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്താതെ കടന്നു പോയി. 22-ാം മിനിറ്റില്‍ അര്‍ജന്റീനന്‍ താരത്തെ വീഴ്‌ത്തിയതിന് ഷാംറോക്ക് താരം ഗാവിന്‍ ബ്രണ്ണന് മഞ്ഞ കാര്‍ഡ് ലഭിച്ചു. തുടര്‍ന്നു ലഭിച്ച ഫ്രീകിക്കില്‍ ക്യാപ്റ്റന്‍ മിഗ്വേല്‍ ബാര്‍ബേറി തല വച്ചെങ്കിലും ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ല.
32-ാം മിനിറ്റില്‍ അര്‍ജന്റീനിയന്‍ താരം ക്രിസ്റ്റ്യന്‍ അമാറിലക്ക് ലഭിച്ച പാസില്‍ ഗോളെന്നുറപ്പിച്ച മുന്നേറ്റമായിരുന്നു നടത്തിയത്. ഷാംറോക്കിന്റെ പ്രതിരോധ നിരയിലെ പാളിച്ചകളിലൂടെ മുന്നേറിയ അമാറില ബോക്‌സിനടുത്ത് നിന്നും തൊടുത്ത പന്ത് ഷാംറോക്ക് ഗോളി ബാരി മര്‍ഫി ധീരമായി തടഞ്ഞു. ഇന്നത്തെ മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ്ബായ വാട്ട്‌ഫോഡ് എഫ്‌സി ഉക്രെയിനിന്‍ ക്ലബ്ബായ വോളിന്‍ ലൂട്‌സ്‌കിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: