തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുകയുന്നു. കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്റെയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും യാത്രകള്‍ അവസാനിച്ചതോടെ ചര്‍ച്ചകള്‍ക്ക് വേഗത കൂടി. ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നതും ആര്‍എസ്പിയെ ഉള്പ്പെടുത്തേണ്ടിവരുന്നതുമടക്കം സങ്കീര്‍ണതകള്‍ യുഡിഎഫിന് തലവേദനയായിരിക്കുകയാണ്.
തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ തുടര്‍ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കുമായി ഈമാസം 17, 18 തീയതികളില്‍ കെപിസിസി നേതൃയോഗം ചേരും.
മുന്നണിവിട്ട കേരള കോണ്‍ഗ്രസ് ബിയുടെ രണ്ടു സീറ്റ്, ജെഎസ്എസിന്റ നാലുസീറ്റുകളില്‍ മൂന്നെണ്ണം, സിഎംപിയുടെ മൂന്നു സീറ്റില്‍ ഒരെണ്ണം എന്നിവ കോണ്‍ഗ്രസ് തിരിച്ചെടുക്കുമെന്നാണ് സൂചന. കഴിഞ്ഞ തവണ 15 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് (എം) കൂടുതല്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ബാര്‍കോഴയുടെ പേരില്‍ നാണക്കേട് സഹിക്കേണ്ടിവന്നതു മുതല്‍ കേരളാകോണ്‍ഗ്രസ് യുഡിഎഫില്‍നിന്ന് അകന്നു നില്‍ക്കുകയാണ്. നാലു സീറ്റുണ്ടായിരുന്ന ജോസഫ് വിഭാഗവും കൂടുതല്‍ സീറ്റ് വേണമെന്ന കടുംപിടുത്തത്തിലാണ്. ഇതംഗീകരിച്ചാല്‍ ആര്‍എസ്പിയും അവകാശവാദവുമായി രംഗത്തെത്തുമെന്നുറപ്പാണ്. ആര്‍എസ്പിക്കു നാല് സീറ്റാണുണ്ടായിരുന്നത്.
കോവൂര്‍ കുഞ്ഞുമോന് രാജിവച്ചെങ്കിലും ആര്‍എസ്പിയും കൂടുതല്‍ സീറ്റ് ആവശ്യപ്പെടും. ജനതാദളും കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഘടകക്ഷികളുടെ പിടിവാശിക്ക് നിന്നുകൊടുക്കരുതെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളുടെ മുന്നറിയിപ്പ്.
സീറ്റുവിഭജനം തലവേദനയാകുമെന്നുറപ്പായതോടെയാണ് കെപിസിസി യോഗം വിളിച്ചു കൂട്ടിയിരിക്കുന്നത്. 17ന് വൈകിട്ട് അഞ്ചിനു ചേരുന്ന യോഗത്തില്‍ കെപിസിസി ഭാരവാഹികള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, മന്ത്രിമാര്‍, പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, വക്താക്കള്‍ എന്നിവര്‍ പങ്കെടുക്കും. കെപിസിസി നിര്‍വ്വാഹകസമിതി അംഗങ്ങള്‍, പ്രത്യക ക്ഷണിതാക്കള്‍, മന്ത്രിമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍, വക്താക്കള്‍, ജോയിന്റ് സെക്രട്ടറിമാര്‍, പോഷകസംഘടനകളുടെയും സെല്ലുകളുടെയും സംസ്ഥാന പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം 18ന് വൈകിട്ട് മൂന്നിനും ചേരും.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത കെപിസിസി വിശാല നിര്‍വാഹക സമിതി യോഗത്തില്‍ ഗ്രൂപ്പിസം മാറ്റിവച്ച് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതിനുപിന്നാലെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗുലാംനബി ആസാദ് കേരളത്തിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിരമായി നേതൃയോഗങ്ങള്‍ വിളിച്ചുചേര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: