വാഷിങ്ടണ്‍: യുഎസ് സുപ്രീം കോടതി ജഡ്ജിയുടെ മരണത്തെത്തുടര്‍ന്ന് ഭാരതവംശജനായ ജഡ്ജി പിന്‍ഗാമിയായെത്തുന്നു. യുഎസ് അപ്പീല്‍ കോടതി ജഡ്ജിയായിട്ടുള്ള ശ്രീകാന്ത് ശ്രീനിവാസന്‍ (48) ആണ് സുപ്രീംകോടതിയിലേക്ക് നേമിനേറ്റ് ചെയ്യപ്പെടുന്നത്. 2012ലാണ് പ്രസിഡന്റ് ഒബാമയുടെ താത്പര്യപ്രകാരം അപ്പീല്‍ കോടതി ജഡ്ജിയാവുന്നത്. പിന്നീട് സെനറ്റ് ഒബാമയുടെ നടപടി ശരിവെക്കുകയായിരുന്നു. സുപ്രീം കോടതി ജഡ്ജിയായിരുന്ന അന്റോണിന്‍ സ്‌കാലിയയുടെ മരണത്തെതുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഒബാമയുടെ നിര്‍ദ്ദേശപ്രകാരം പുതിയ നിയമനം. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കേളികൊട്ട് ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഈ നിയമനത്തിന് ഏറെ പ്രധാന്യമുണ്ട്.
1967 ല്‍ ചണ്ഡീഗഡിലാണ് ശ്രിനിവാസന്റെ ജനനം. പിന്നീട് കുടുംബം അമേരിക്കയിലേക്ക് കുടിയേറി. സ്റ്റാന്‍ഫോര്‍ഡ് സര്‍വകാലാശാലയില്‍നിന്ന് 1989ല്‍ ബിരുദം നേടിയ 48 കാരനായ ശ്രീനിവാസന്‍ നിയമത്തിലും ബിസിനിസിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഒബാമയുടെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിക്കുകയും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെക്കുകയും ചെയ്തു.
യുഎസ് സുപ്രീംകോടതിയില്‍ ഒമ്പതു ജഡ്ജിമാരുണ്ട്. ഇതില്‍ പ്രസിഡന്റ് നിര്‍ദേശിക്കുന്ന പേര് സെനറ്റ് പാസാക്കിയാണ് നിയമനം നടത്തുന്നത്. പുതിയ പ്രസിഡന്റ് അധികാരത്തിലെത്താതെ ജഡ്ജിയെ നിയമിക്കാനാവില്ലെന്ന നിലപാടിലാണ് സെനറ്റിലെ ഭൂരിപക്ഷ വിഭാഗം. എന്നാല്‍ ഒരുവര്‍ഷം രാജ്യത്തിന്റെ പരമോന്നത പദവി ഒഴിച്ചിടാനാവില്ലെന്നാണ് ന്യൂനപക്ഷ വിഭാഗം നേതാവ് ഹാരി റീഡ് പറഞ്ഞു.
















