അഞ്ച് പതിറ്റാണ്ടിലേറെക്കാലം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജില്അദ്ധ്യാപകനായി പ്രവര്‍ത്തിക്കുമ്പോള്‍ ഞാനൊരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. അദ്ദേഹമെഴുതിയ നാടക ഗാനങ്ങള്ഞങ്ങളുടെ തലമുറയെ ഏറെ ആവേശം കൊള്ളിച്ചിട്ടുണ്ട്. സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഒഎന്‍വിയും പി. ഭാസ്കരനും വയലാറുമൊക്കെ ഉള്‍ക്കൊള്ളുന്ന ആധുനിക കവിത്രയത്തിന്റെ ചുവടു പിടിച്ചാണ് ഞങ്ങളൊക്കെ ഒരു സര്ഗ്ഗപഥത്തിലെത്തിയത്. വ്യക്തിപരമായി പറഞ്ഞാല്‍ അദ്ദേഹം എന്റെ മൂന്ന് ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ വളരെയേറെ സഹൃദയ പ്രീതി നേടിയിട്ടുള്ളതാണ്.
സാഹിത്യ കര്‍മ്മ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരവും ധാരാളമായി ലഭിച്ചു. സാഹിത്യ അക്കാദമിയില്‍ കേശവദേവ് പ്രസിഡന്റും ഉറൂബ് വൈസ് പ്രസിഡന്റുമായ കാലഘട്ടത്തില്‍ തിരുവനന്തപുരത്തു നിന്ന് ഞങ്ങള്‍ നാല് പേര് ഒരുമിച്ച് യാത്ര ചെയ്ത നാല് വര്‍ഷങ്ങള്‍ എന്റെ സ്മരണയില്‍ നില്ക്കുന്നു. ഒട്ടേറെ മഹാ സാഹിത്യകാരന്മാരുമായിട്ടുള്ള പരിചയം ഒഎന്‍വിയിലൂടെയാണ് ഞാന്‍ നേടിയെടുത്തത്. അക്കൂട്ടത്തില്‍ വൈലോപ്പിള്ളി ഉള്‍പ്പെടെയുള്ള മഹാകവികളുമുണ്ട്. ഞങ്ങളുടെ തലമുറയ്ക്ക് ഗുരുസ്ഥാനീയനും സ്നേഹ സമ്പന്നനായ ജ്യേഷ്ഠ സഹോദരനുമായിരുന്നു ഒഎന്‍വി കുറുപ്പ്. ഒരു നിറവാര്‍ന്ന കവി വ്യക്തിത്വം എന്ന് നമുക്ക് അദ്ദേഹത്തെ ഓര്‍മ്മിക്കാം.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: