ഒഎന്‍വി അന്തരിച്ചു. പക്ഷേ അദ്ദേഹത്തിന് മരണമില്ല. മലയാള സാഹിത്യവും കലയും നിലനില്‍ക്കുന്നിടത്തോളം അദ്ദേഹം ജനഹൃദയങ്ങളില്‍ വിരാജിക്കും. കഴിഞ്ഞ അരനൂറ്റാണ്ട്, വയലാറും ഒഎന്‍വിയും എഴുതിയ ഗാനങ്ങള്‍ ജനങ്ങളെ അഭിരമിപ്പിച്ചുകൊണ്ടിരുന്നു. ഭൗതികരാഷ്‌ട്രീയത്തിന്റെ അതിപ്രസരം വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ അവരെ ഗ്രസിച്ചു കഴിഞ്ഞിരുന്നു. പക്ഷെ ഇവിടുത്തെ മണ്ണില്‍ നിന്ന് വളര്‍ന്നുവന്ന അവരെ ഒരു ശക്തിക്കും വഴിതെറ്റിക്കാന്‍ കഴിയില്ലെന്ന് ആജീവനാന്തം അവരെഴുതിയ കവിതകള്‍ സാക്ഷ്യംവഹിക്കുന്നു.
വ്യവസായ ഭീമന്മാര്‍ തന്റെ കാലിച്ചെക്കനെ കവര്‍ന്നെടുക്കുന്നു എന്ന് വിലപിച്ചുകൊണ്ടാണ് ഒഎന്‍വി കവിതാലോകത്തേക്കു പ്രവേശിച്ചത്. കഴിഞ്ഞ അരനൂറ്റാണ്ട്, പുതുതലമുറയില്‍ ശ്രീകൃഷ്ണലീലകള്‍ ആവേശം വളര്‍ത്തിയതായിരുന്നുവെന്നും അതോടൊപ്പം പറയേണ്ടിയിരിക്കുന്നു. കൃഷ്ണലീലകള്‍ കേരളത്തിലെ എല്ലാ കവികളെയും ആവേശിച്ചിട്ടുണ്ട്. പക്ഷെ ലളിത സുന്ദരപദാവലികളില്‍ ജനഹൃദയത്തെ ആകര്‍ഷിക്കുന്നതില്‍ ഒഎന്‍വിയുടെ വൈഭവം ഒന്നു വേറെയായിരുന്നു.
തപസ്യയുടെ തുടക്കക്കാലത്ത് കോഴിക്കോട്ട് ആര്‍ട്‌സ് കോളേജില്‍ കുറച്ചുനാള്‍ അദ്ധ്യാപകനായിരുന്ന ഒഎന്‍വി ഒരു ദിവസം, തപസ്യ ഓഫീസിലെ ഒരു സൗഹൃദ സായാഹ്നത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. അനുഭവങ്ങള്‍ പങ്കിട്ട ആ ചര്‍ച്ചകള്‍ ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിനു തുടക്കം കുറിച്ചു.
അതിനുശേഷം അക്കിത്തത്തിന്റെ സപ്തതി സമാദരണത്തിന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഒഎന്‍വി പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞ ഏതോ ‘സഖാക്കള്‍’ അദ്ദേഹത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഞാന്‍ തലയില്‍ മുണ്ടിട്ടുകൊണ്ടല്ല ഇവിടെ വന്നതെന്ന് സധൈര്യം പ്രഖ്യാപിച്ച വാക്കുകള്‍ ഇപ്പോഴും ഓര്‍ക്കുന്നു. മലയാള സാഹിത്യത്തില്‍ സംസ്‌കാരത്തിന്റെ സത്തയെ പോഷിപ്പിച്ച ഒരു അനഗൃഹീത കവി മണ്‍മറഞ്ഞുവെന്ന നഷ്ടബോധം നമ്മെ വേട്ടയാടുന്നു.
















