തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന് പ്രതിയായതില്‍ ബിജെപിയ്ക്കോ, ആര്‍എസ്എസിനോ ഒരു പങ്കുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വ്യക്തമാക്കി. അന്വേഷണത്തില്‍ ബോധ്യമാകാതെ ഒരാളും പ്രതിപ്പട്ടികയിലെത്തില്ല. സിപിഎമ്മിനെ തകര്‍ക്കാനാണ് ജയരാജനെ പ്രതിയാക്കിയതെന്ന ആരോപണം ആരും വിശ്വസിക്കാന്‍ പോകുന്നില്ല. സിപിഎമ്മിന് ഒരു ജയരാജന് മാത്രമല്ലല്ലൊ കണ്ണൂരിലുളളത്.
സംസ്ഥാന സെക്രട്ടറിയും കണ്ണൂരുകാരനാണ്. അവര്‍ക്കൊന്നുമെതിരെ കേസില്ലാത്തതെന്തുകൊണ്ടെന്ന് സിപിഎം മനസ്സിലാക്കണം. പി.ജയരാജന് പ്രതിപ്പട്ടികയില്‍ സ്ഥാനം നേടിയത് സ്വയം കൃതാനര്‍ത്ഥമാണ്. ഉപ്പുതിന്നവര്‍ വെളളംകുടിക്കും. അതിന് സിബിഐയെ പഴിച്ചിട്ടും, ബിജെപിയോട് കയര്‍ത്തിട്ടും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം പ്രതിരോധത്തിലും പ്രതിക്കൂട്ടിലും ആകുമ്പോഴെല്ലാം പച്ചനുണകള്‍ പ്രചരിപ്പിച്ച് പ്രശ്നത്തെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കാറുണ്ട്. ഏതെങ്കിലും ഒരു നേതാവിനെ കേസ്സില്‍ പെടുത്തിയാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ തകര്ക്കാനാകുമോയെന്നും കുമ്മനം ചോദിച്ചു.
അക്രമത്തിന് പ്രേരണ നല്‍കുകയും ആയുധം നല്കി അണികളെ പറഞ്ഞുവിടുകയും ചെയ്യുന്നതിന്റെ പേരില്‍ പ്രതികളാകുന്നവര്‍ സ്വന്തം നിരപരാധിത്വം തെളിയിക്കേണ്ടത് കോടതിയിലാണ്. അന്വേഷണ സംഘത്തെയും കോടതിയേയും വരുതിയിലാക്കിയും ഭീഷണിപ്പെടുത്തിയും കാര്യം നേടാമെന്ന തന്ത്രം എല്ലാകാലത്തും ഫലിക്കില്ല.
സിബിഐയെ നിയന്ത്രിക്കാനും അന്വേഷണവഴി പറഞ്ഞുകൊടുക്കാനും ബിജെപി മുതിര്‍ന്നിട്ടില്ല. ഫസല്‍ വധക്കേസ് സിബിഐ അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയ സത്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അന്വേഷണവും നടപടിയും കോടതി വിധിയും സിപിഎമ്മിന് അനുകൂലമായാല്‍ സ്വാഗതാര്‍ഹം, മറിച്ചായാല്‍ കരിനിയമവും ബൂര്‍ഷ്വാ കോടതിയും. ഇതാണ് സിപിഎമ്മിന്റെ സ്വഭാവമെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: