ആലപ്പുഴ: നവീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ ആലപ്പുഴയിലെ രാജാകേശവ ദാസന്‍ സ്മാരക സ്വിമ്മിങ് പൂള്‍ കാടുപിടിച്ച് നശിക്കുന്നു. സംസ്ഥാനത്ത് നടന്ന ദേശീയ ഗെയിംസിന്റെ ഭാഗമായി 65 ലക്ഷം രൂപ മുടക്കി നവീകരിച്ച നീന്തല്‍ കുളമാണ് അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നത്. 2013 ഫെബ്രുവരിയിലാണ് സര്‍ക്കാര്‍ നീന്തല്‍കുളം നവീകരിക്കുന്നതിനുള്ള തുക ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിന് കൈമാറിയത്.
തുടര്‍ന്ന് ഇവര്‍ കണ്‍സള്‍ട്ടിങ് ഏജന്‍സിയായ കിറ്റ്‌കോയെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതലയേല്‍പ്പിച്ചു. ഇവര്‍ തമിഴ്‌നാട് ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് കരാര്‍ നല്കുകയും ചെയ്തു. നീന്തല്‍ കുളത്തിലെ പഴയ ടൈലുകള്‍ ഇളക്കിമാറ്റി ഫെറോ സിമന്റ് ഉപയോഗിച്ച് ലൈനിങ് നടത്തി ചോര്‍ച്ച തടഞ്ഞ് പുതിയ ടൈലുകള്‍ കരാര്‍ ഏറ്റെടുത്ത കമ്പനി ഒട്ടിച്ചിരുന്നു. നീന്തല്‍ കുളത്തിന്റേയും മറ്റും നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെങ്കിലും വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കരാറെടുത്തവര്‍ക്ക് കഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനം കരാറില്‍ ഉള്‍പ്പെടുത്താതിരുന്നതുമൂലം നിലവില്‍ കരാറെടുത്ത കമ്പനിക്ക് മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയുമായി.
ഏഴു ലക്ഷം രൂപയുടെ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തേണ്ടത്. വെള്ളം ശുദ്ധീകരിക്കുന്ന ഫില്‍ട്ടറേഷന്‍ പ്ലാന്റ്, ജനറേറ്റര്‍, ഫഌഡ് ലൈറ്റുകള്‍ തുടങ്ങിയവ കൂടി സ്ഥാപിച്ചുകഴിഞ്ഞാല്‍ നീന്തല്‍കുളം വീണ്ടും തുറന്നുകൊടുക്കാന്‍ കഴിയൂം. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭൂരിഭാഗവും പൂര്‍ത്തിയായി ഒരു വര്‍ഷമാകാറായിട്ടും ഇതിന് വേണ്ട നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. നിലവില്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് നീന്തല്‍ കുളം.
രാത്രിപകല്‍ വ്യത്യാസമില്ലാതെ ഇവിടെ മദ്യപാനവും മയക്കുമരുന്ന് വിപണനവും നടക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച നീന്തല്‍ കുളം എത്രയും വേഗം തുറന്നുകൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
















