മാവേലിക്കര: ഭക്തിയുടെ പേരിലല്ലാതെ ആചാരനുഷ്ഠാനങ്ങള്‍ നശിപ്പിക്കാന്‍ നീക്കം നടത്തുന്നവര്‍ക്ക് മാനസാന്തരം ഉണ്ടാകാന്‍ പ്രാര്‍ത്ഥനാ യജ്ഞങ്ങള്‍ സംഘടിപ്പിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പ്രസാദ മണ്ഡപം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈന്ദവ സംസ്‌ക്കാരവും ആചാരനുഷ്ഠാനങ്ങളും നിര്‍ബന്ധമായി തുടരണം എന്ന കാര്യത്തില്‍ ബോര്‍ഡിന് നിശ്ചയദാര്‍ഢ്യമുണ്ട്. അതിനാലാണ് ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ബോര്‍ഡ് കോടാനുകോടി ഭക്തരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നത്. ഇതിനായി ലഭിക്കാവുന്നതില്‍ ഏറ്റവും നല്ല അഭിഭാഷകനെ കേസ് ഏല്‍പ്പിച്ചു.
ക്ഷേത്രങ്ങളിലെ ആചാരനുഷ്ഠാനങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതിന് 22ന് തിരുവനന്തപുരത്ത് തന്ത്രിമാരുടെയും ദേവസ്വം ജീവനക്കാരുടെയും പ്രത്യേക യോഗങ്ങള്‍ നടത്തും.
രാഷ്‌ട്രീയ സാമുദായിക കാരണങ്ങളാല്‍ തകര്‍ന്ന മന്നത്ത് പത്മനാഭനും ആര്‍.ശങ്കറും വിഭാവനം ചെയ്ത ഹൈന്ദവ ഐക്യം സാധ്യമാക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് ലക്ഷ്യമിടുന്നത്.
ബോര്‍ഡിന്റെ കീഴിലുള്ള ജീര്‍ണ്ണിച്ച ക്ഷേത്രങ്ങളെ വേര്‍തിരിവില്ലാതെ പുനരുജ്ജീവിപ്പിക്കും. ഇതിന് ജില്ലകള്‍ തിരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും അദ്ധ്യാത്മിക പഠനം ലക്ഷ്യമിട്ട് പ്രധാന ക്ഷേത്രങ്ങളില്‍ ആദ്ധ്യാത്മിക ഗ്രന്ഥശാല സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ പ്രസിഡന്റ് ബി.ഹരികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വഴിപാടു കൗണ്ടറുകളുടെയും ദേവസ്വം സ്റ്റാളുകളുടെയും ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പി.കെ. കുമാരനും അജയ് തറയിലും നിര്‍വ്വഹിച്ചു. ക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.
ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കൃഷ്ണമ്മ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജീനീയര്‍ ശങ്കരന്‍പോറ്റി, ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ജയശ്രീ, ബി.കേശവദാസ്, അന്നപൂര്‍ണ്ണേശ്വരിയമ്മ, റ്റി.പി. ശ്രീകുമാര്‍, ആര്‍. രാജേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
















