ആലപ്പുഴ: കിടപ്പാടമില്ലാത്തവര്‍ക്ക് വീടും സ്ഥലവും ലഭ്യമാക്കുന്നതിനായി ആരംഭിച്ച ഭവന ഭാരതം പദ്ധതിയുടെ ഭാഗമായി മുപ്പതു കുടുംബങ്ങള്‍ക്ക് കിടപ്പാടമൊരുക്കുന്നതിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു തറക്കല്ലിട്ടു.
അരൂക്കുറ്റി ചെറുകാട് ഇന്‍ഡസ്ട്രീസ് മറൈന്‍ ഡിവിഷന്‍ ഉടമകള്‍ സൊസൈറ്റിക്കു സംഭാവനയായി നല്‍കിയ അരൂക്കുറ്റി കൊമ്പനാമുറി ജങ്ഷനു സമീപത്തെ 40 സെന്റ് ഭൂമിയിലാണ് സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എന്‍. പദ്മകുമാര്‍ ഭവനനിര്‍മാണത്തിനുള്ള തറക്കല്ലിട്ടത്.
ജില്ലയില്‍ 27,000 പേര്‍ക്കു സ്വന്തമായി സ്ഥലമില്ലെന്നും പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ സ്ഥലം ലഭ്യമല്ലാത്ത സാഹചര്യമാണുള്ളതെന്നും ഇതിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ പുതിയ പദ്ധതിയിലൂടെ കഴിയുമെന്നും ജില്ലാ കളക്ടര്‍ എന്‍. പദ്മകുമാര്‍ പറഞ്ഞു.
ഭവന ഭാരതം പദ്ധതി മറ്റു ജില്ലകള്‍ക്കും മാതൃകയാക്കാമെന്ന് മുന്‍ ഡിജിപിയും റോ മേധാവിയുമായിരുന്ന പി.കെ. ഹൊര്‍മിസ് തരകന്‍ പറഞ്ഞു. സര്‍ക്കാരിന്റെ അനുമതിയോടുകൂടി ജില്ലാ കളക്ടര്‍ ചെയര്‍മാനായി ആരംഭിച്ച ഭവന ഭാരതം സൊസൈറ്റിയുടെ മേല്‍ നോട്ടത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
















