തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍ ജോലിക്ക് കാത്തിരുന്ന ആയിരങ്ങള്‍ക്കായി ക്രിസ്റ്റഫര്‍ വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു. ഇക്കുറി 11 മണിക്കൂറാണ് ക്രിസ്റ്റഫര്‍ തലസ്ഥാന നഗരിയെ മുള്‍മുനയില്‍ നിര്‍ത്തി. ഭരണസിരാകേന്ദ്രത്തിനു മുന്നിലെ വന്‍വൃക്ഷത്തിനു മുകളില്‍ ക്രിസ്റ്റഫര്‍ കയറി നിന്നുകൊണ്ടാണ് ക്രിസ്റ്റഫര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. പിഎസ്‌സിയുടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ടാണ് ക്രിസ്റ്റഫര്‍ വീണ്ടും ആത്മഹത്യക്കായി മരത്തില്‍ കയറിയത്.
തലസ്ഥാന നഗരിയെ മുള്‍മുനയില്‍ നിര്‍ത്തി ക്രിസ്റ്റഫര്‍ സെക്രട്ടേറിയേറ്റിന് മുന്നിലെ മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയപ്പോള്‍
ഇതേ ആവശ്യം ഉന്നയിച്ച് ഒരു വര്‍ഷത്തിനു മുമ്പ് വട്ടപ്പാറ വേങ്കോട് മേല്‍പ്പാലോട് തെക്കുംകര വീട്ടില്‍ ക്രിസ്റ്റഫര്‍ (40) ഇതേരീതിയില്‍ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചിരുന്നു. അന്നും മണിക്കുറുകളോളം മരത്തിനു മുകളില്‍ കയറി പ്രതിഷേധിച്ച ക്രിസ്റ്റഫറിനെ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് ഏറെനേരത്തെ ശ്രമത്തിനെടുവിലാണ് അനുനയിപ്പിച്ച് താഴെ എത്തിച്ചത്. അന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടുമൊരിക്കല്‍ കൂടി മരം കയറേണ്ടി വന്നതെന്ന് ക്രിസ്റ്റഫര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ ഡ്രൈവര്‍ ലിസ്റ്റില്‍പ്പെട്ട ക്രിസ്റ്റഫര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രായപരിധിയായി. ഇനിയൊരു പരീക്ഷ എഴുതുവാനോ റാങ്ക് ലിസ്റ്റില്‍ ഇടംനേടാനോ ഇവര്‍ക്ക് കഴിയില്ല. റാങ്ക് ലിസ്റ്റിന്റെ കാലാവധി രണ്ടു മാസത്തിനുള്ളില്‍ കഴിയുമെന്നതിനാലാണ് ജോലി വേണമെന്ന ആവശ്യവുമായി ക്രിസ്റ്റഫര്‍ മരത്തില്‍ കയറി പ്രതിഷേധിച്ചത്. ഇന്നലെ രാവിലെ എട്ടര കഴിഞ്ഞതോടെ മരത്തില്‍ കയറിയെങ്കിലും അധികൃതരാരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ ഇന്നലെ വൈകിട്ട് എംഎല്‍എമാരായ വി. ശിവന്‍കുട്ടിയും ടി.വി രാജേഷും സ്ഥലത്തെതിയതോടെയാണ് പ്രശന്ങ്ങള്‍ക്ക് പരിഹാരമുണ്ടായത്. കെഎസ്ആര്‍ടിസി സിഎംഡിയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് 11 മണിക്കൂറിനു ശേഷം ക്രിസ്റ്റഫര്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ താഴെ ഇറങ്ങിയത്. ഒഴിവുകള്‍ ഉടന്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാമെന്നും ലിസ്റ്റിന്റെ കാലാവധി ആറു മാസത്തേക്കു കൂടി നീട്ടുന്ന കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും കെഎസ്ആര്‍ടിസി സിഎംഡി എംഎല്‍എമാരെ അറിയിക്കുകയായിരുന്നു.
















