തോട്ടപ്പളളി: ഫിഷറീസ് വകുപ്പ് മന്ത്രി വാക്ക് പാലിച്ചില്ല. ഹാര്‍ബര്‍ വികസനം ആവശ്യപ്പെട്ട് ധീവരസഭ തോട്ടപ്പളളി ഹാര്‍ബര്‍ എഞ്ചിനിയറിങ് എക്‌സി. എഞ്ചിനിയറെ ഉപരോധിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
കഴിഞ്ഞ ജനുവരി ഏഴിന് മന്ത്രി ബാബുവിന്റെ ചേമ്പറില്‍ കൂടിയ യോഗത്തില്‍ ഫെബ്രുവരി ഏഴിന് മുമ്പ് ഹാര്‍ബര്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് വാക്ക് നല്‍കിയിരുന്നു. ഐ.ആര്‍.ഇ യുടെ കപ്പാസിറ്റി കൂടിയ ഡ്രഡ്ജര്‍ ഉപയോഗിച്ച് ഹാര്‍ബറിനുളളില്‍ അടിഞ്ഞുകൂടിയ മണല്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുമെന്നും ഇതിനാവശ്യമായ വൈദ്യുതിക്ക് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു നല്‍കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
എന്നാല്‍ വാക്ക് നല്‍കിയതല്ലാതെ നടപടി സ്വീകരിക്കാന്‍ മന്ത്രി തയാറായില്ല. ഇതിനെതിരെയാണ് ധീവരസഭ അമ്പലപ്പുഴ താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ എഞ്ചിനീയറെ ഘൊരാവോ ചെയ്തത്. ഇതേ തുടര്‍ന്ന് എത്തിയ അമ്പലപ്പുഴ പോലീസുമായി നടത്തിയ ചര്‍ച്ചയില്‍ 10-ാം തീയതിക്കുളളില്‍ തീരുമാനം നടപ്പാക്കുമെന്ന് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് സമരക്കാര്‍ പിന്‍മാറുകയായിരുന്നു. എന്നാല്‍ 10നുളളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
താലൂക്ക് പ്രസിഡന്റ് കെ. പ്രദീപ്, സെക്രട്ടറി എസ്. സുധാകരന്‍, സംസ്ഥാന കമ്മിറ്റി അംഗം ജി. ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
















