ആലപ്പുഴ: ജില്ലയിലെ സമഗ്രവികസനത്തിനും ടൂറിസം വികസനത്തിനുമായി അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഓള്‍ കേരള ഹൗസ്‌ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലുകളില്‍ നിന്നും പണിമുടക്കില്‍ നിന്നും ടൂറിസം മേഖലയെ പൂര്‍ണമായും ഒഴിവാക്കണം.
വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ നൈറ്റ് ആക്ടിവിറ്റീസ് സെന്ററുകള്‍ സ്ഥാപിച്ച് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നടപടിവേണം. വീഗാലാന്റ് മാതൃകയിലുള്ള വാട്ടര്‍ തീം പാര്‍ക്ക് പിപിപി മേഖലയില്‍ സ്ഥാപിക്കണം. കനാലുകളിലേക്ക് വിവിധ ഓടകളില്‍ നിന്നുള്ള മലിനജലം ഒഴുക്കുന്നത് തടയണം. പ്രധാന കേന്ദ്രങ്ങളില്‍ ആധുനിക ശോച്യാലയങ്ങള്‍ നിര്‍മ്മിക്കണം. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ 24 മണിക്കൂറും ടൂറിസം പോലീസിന്റെ സേവനം ഉറപ്പാക്കണം.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ച മൂന്നാര്‍- ആലപ്പുഴ ടൂറിസം ഹൈവേ യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം തുടങ്ങി 20 നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിനും വിവിധ രാഷ്‌ട്രീയ കക്ഷികള്‍ക്കും നല്‍കുമെന്ന് പ്രസിഡന്റ് ജോസുകുട്ടി ജോസഫ്, ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാര്‍, ജോയിന്റ് സെക്രട്ടറി നൗഷാദ് രാജ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
















