ചേര്‍ത്തല: സ്വാഗത പ്രാസംഗികനെ തട്ടിമാറ്റി പിണറായി പ്രസംഗിക്കുവാനെത്തി. സിപിഎം പിബി അംഗം പിണറായി വിജയന്റെ നവകേരള മാര്‍ച്ചിന് ചേര്‍ത്തല മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കിയ വേദിയിലാണ് സംഘാടകരെ അമ്പരിപ്പിച്ച് നേതാവിന്റെ ഇടപെടല്‍.
ദേശീയപാതയോരത്ത് പതിനൊന്നാംമൈലിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് സ്വീകരണം ഒരുക്കിയത്. ഉച്ചയ്‌ക്ക് രണ്ടിന് യാത്ര എത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും വൈകിട്ട് നാലരയോടെയാണ് എത്തിയത്.
പിണറായി വേദിയില്‍ എത്തിയതോടെ സ്വാഗതസംഘം കണ്‍വീനറായ എന്‍.ആര്‍. ബാബുരാജ് വേദിയിലുള്ളവരെയും മറ്റും സ്വാഗതം ആശംസിക്കുന്നതിനിടെയാണ് പിണറായി മൈക്കിന് അടുക്കലേക്ക് എത്തി ബാബുരാജിനെ തട്ടിയത്. എന്താണെന്ന് മനസിലാവാതെ ആദ്യം പകച്ചുപോയ ബാബുരാജ് പിന്നീട് അല്‍പം നീങ്ങിനിന്നതോടെ പിണറായി മൈക്കിലൂടെ പ്രസംഗം തുടങ്ങുകയായിരുന്നു.
ഏറെ വൈകിയതായും കുട്ടനാട്ടിലും ആലപ്പുഴയിലും പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ പ്രസംഗം തുടങ്ങുന്നതെന്നുമാണ് പിണറായി പറഞ്ഞത്.
















