പുന്നപ്ര: പിണറായിയുടെ യാത്രയില്‍ പങ്കെടുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയതില്‍ പ്രതിഷേധമുയര്‍ന്നു, ഒരു വിഭാഗം തൊഴിലാളികള്‍ ഒപ്പിട്ട ശേഷം പണിയെടുക്കാതെ യാത്രയില്‍ പങ്കെടുക്കാന്‍ പോയത് വിവാദമായി.
പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ഇന്നലെയാണു സംഭവം. തൊഴിലുറപ്പു തൊഴിലാളികള്‍ രാവിലെ ഒന്‍പതോടെ തൊഴിലിന് എത്തിയപ്പോള്‍ വാര്‍ഡ് അംഗവും, പുന്നപ്ര കിഴക്ക് എല്‍സി സെക്രട്ടറിയുമായ റജിമോന്‍ തൊഴില്‍ നിര്‍ത്തിവെച്ച് പിണറായിയുടെ ആലപ്പുഴയില്‍ നടക്കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ചില തൊഴിലാളികള്‍ ഇതിനെ എതിര്‍ത്തു. സിപിഎം അനുഭാവികള്‍ അല്ലാത്ത തങ്ങള്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഒരു വിഭാഗം സ്ത്രീ തൊഴിലാളികള്‍ പഞ്ചായത്ത് അംഗത്തെ അറിയിച്ചു.
എന്നാല്‍ അടുത്ത ദിവസം തൊഴില്‍ നിഷേധിക്കുമെന്ന് പഞ്ചായത്തംഗം ഭീഷണിപ്പെടുത്തി. തുടന്ന് വാക്കേറ്റമുണ്ടാകുകയും ഇതര പാര്‍ട്ടി നേതാക്കളും നാട്ടുകാരും ശക്തമായി പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. ഇതെത്തുടര്‍ന്ന് 120 ഓളം തൊഴിലുറപ്പ് തൊഴിലാളികള്‍ പണി നിര്‍ത്തിവെക്കുകയും, സിപിഎം അനുഭാവികളായ തൊഴിലാളികള്‍ പിണറായിയുടെ സ്വീകരണത്തില്‍ പങ്കെടുക്കുവാന്‍ പോകുകയുമായിരുന്നു.
പഞ്ചായത്തംഗം റജിമോനെതിരെ ബിജെപിയും കോണ്‍ഗ്രസും സിപിഐയും രംഗത്തെത്തി. തൊഴിലുറപ്പ് ഓംബുഡ്‌സ്മാന്റെ ആലപ്പുഴയിലെ ഓഫീസില്‍ പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു.
















