പള്ളിപ്പുറം (ആലപ്പുഴ): ”മറ്റുള്ളവര്‍ക്ക് സേവനം ചെയ്യവെ മരണത്തെ പുല്‍കിയ ധീരജവാന്‍ ജോമോന്‍ ജനഹൃദയങ്ങളില്‍ എന്നും ജീവിക്കുമെന്നും മരിക്കാത്ത ഓര്‍മ്മകള്‍ ഭാവിജനതയ്‌ക്ക് എപ്പോഴും ഒരു പ്രചോദനവുമാകും” എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ജോമോന്റെ വീട്ടിലെ സന്ദര്‍ശന ബുക്കില്‍ രേഖപ്പെടുത്തിയപ്പോള്‍ പള്ളിപ്പുറം പുത്തന്‍പുരയ്‌ക്കല്‍ ജോമോന്റെ പിതാവ് ജോര്‍ജ് കുട്ടിയുടെയും മാതാവ് ജോളിയുടെയും കണ്ണുകളില്‍ ഈറനണിഞ്ഞു.
മറ്റുള്ളവര്‍ക്കായി ജീവിതം ഒഴിഞ്ഞുവെച്ച തന്റെ മകനു ലഭിക്കാവുന്ന വലിയ അംഗീകാരമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ സന്ദര്‍ശനത്തെ കരുതുന്നതെന്ന് അവര്‍ പറഞ്ഞു.
വിമോചന യാത്രയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെത്തിയ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇന്നലെ യാത്ര ആരംഭിക്കുന്നതിനു മുമ്പാണ് ധീരജവാന്‍ പള്ളിപ്പുറം പുത്തന്‍പുരയക്കല്‍ ജോമോന്റെ വീട്ടില്‍ പ്രണാമര്‍പ്പിക്കാനെത്തിയത്.
ജോമോന്റെ വീട്ടിലെത്തി പിതാവ് ജോര്‍ജ് കുട്ടിയെയും മാതാവ് ജോളിയെയും മറ്റ് കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചു. മറ്റുള്ളവര്‍ക്ക് മാതൃകയാകാന്‍ കഴിഞ്ഞ മകന് ജന്മം നല്‍കിയതിലൂടെ ഭാരതത്തിന്റെ അഭിമാണ് ജോമോന്റെ മാതാപിതാക്കളെന്നും അദ്ദേഹം പറഞ്ഞു.
2013 ജൂണ്‍മാസം 23 നാണ് ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ടുപോയവരെ രക്ഷപെടുത്തുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സിലെ ജവാനായ ജോമോന്‍ മരിച്ചത്.
അല്‍പ്പ സമയം ജോമോന്റെ വീട്ടില്‍ ചെലവഴിച്ചതിനുശേഷമാണ് അദ്ദേഹം മടങ്ങിയത്. സംസ്ഥാന അധ്യക്ഷനൊപ്പം ബിജെപി സംസ്ഥാന നിര്‍വാഹസമിതി അംഗം പി.കെ. കൃഷ്ണദാസ്, ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, സെക്രട്ടറി എന്‍. പത്മകുമാര്‍, ജില്ലാ പ്രസിഡന്റ് കെ. സോമന്‍, അരൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ടി. സജീവ് ലാല്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
















