തുറവൂര്‍: ക്രഷര്‍ മെറ്റില്‍ ഉപയോഗിച്ച് റോഡിലെ കുഴിയടച്ചത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. തുറവൂര്‍-തൈക്കാട്ടുശേരി മാക്കേക്കടവ് ജെട്ടി റോഡിലാണ് മെറ്റല്‍പ്പൊടി ഉപയോഗിച്ച് കുഴികള്‍ മൂടിയത്.
വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഉയരുന്ന പൊടി പടലങ്ങള്‍ പിന്നാലെ വരുന്ന ഇരുചക്ര വാഹന യാത്രക്കാരുടെ കണ്ണിലും മൂക്കിലും കയറി കാഴ്ച മറയ്‌ക്കുകയും വാഹനം നിയന്ത്രിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയും ചെയ്യുന്ന സ്ഥിതിയിലാണ്. കുഴികള്‍ നിറഞ്ഞ് കാല്‍നടയാത്ര പോലും ദുസ്സഹമായിരിക്കുന്ന റോഡില്‍ കുറച്ചുനാള്‍ മുമ്പ് പാറക്കല്ലുകളും കെട്ടിടം പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങളുമിട്ട് ഓട്ടയടയ്‌ക്കല്‍ പ്രഹസനം നടത്തിയിരുന്നു. പിന്നീട് മഴ ശക്തമായപ്പോള്‍ വെള്ളം കെട്ടിനിന്ന കുഴികളടച്ച് അറ്റകുറ്റപ്പണി നടത്താനെത്തിയ അധികൃതര്‍ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വാങ്ങിയിരുന്നു.
കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളും രണ്ട് എഞ്ചിനീയറിംഗ് കോളജുകളടക്കം പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ബസുകള്‍, കുട്ടികളുമായിപ്പോകുന്ന മറ്റ് ചെറു വാഹനങ്ങള്‍ പള്ളിപ്പുറം മലബാര്‍ സിമന്റ് ഫാക്ടറിയിലേക്കുള്ള ഭാരവാഹനങ്ങള്‍ കോട്ടയം ഭാഗത്തേയ്‌ക്കു പോകുന്ന വിവിധ വാഹനങ്ങള്‍ കൂടാതെ എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖല, കോട്ടയം, ഇടുക്കി ജില്ലകള്‍ എന്നിവിടങ്ങളില്‍ നിന്ന് കെട്ടിടനിര്‍മ്മണ സാമഗ്രികളുമായെത്തുന്ന ടിപ്പര്‍ ലോറികളുമടക്കം നൂറുകണക്കിന് ഭാരവാഹനങ്ങളും ആശ്രയിക്കുന്ന റോഡാണിത.്
കുഴികള്‍ നിറഞ്ഞതോടെ കാല്‍നട യാത്ര പോലും ദുസ്സഹമായ പാതയുടെ പുനര്‍നിര്‍മ്മിക്കാന്‍ നടപടി സ്വീകരക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍ വാഴ നട്ടിരുന്നു. റോഡിന്റെ പുനര്‍ നിര്‍മ്മാണത്തിന് നടപടി സ്വീകരിക്കേണ്ടതിനു പകരം ഇരുട്ടു കൊണ്ട് ഓട്ടയടയ്‌ക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
















