ആലപ്പുഴ: കേരളത്തില്‍നിന്ന് കയറിനെ റഷ്യയിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ തയാറായി എട്ടംഗ റഷ്യന്‍ സംഘം ആലപ്പുഴയില്‍ നടക്കുന്ന കയര്‍ കേരള 2016 മേളയ്‌ക്കെത്തി. പലരും ഇതാദ്യമായാണ് കേരളം കാണുന്നത്.
സംഘത്തില്‍ വ്യാപാരികളും ഉല്പാദകരുമുണ്ട്. ഒരു ഫര്‍ണിച്ചര്‍ കമ്പനിയെ പ്രതിനിധീകരിച്ചെത്തിയ അനസ്താസിയ പെര്‍വസന്റ്‌സെവയ്‌ക്ക് താല്പര്യം ചകിരി മെത്തകളോടാണ്. ഒരു സെന്റിമീറ്റര്‍ കനമുള്ള ചകിരി മെത്തകള്‍ റഷ്യയില്‍ അവതരിപ്പിക്കുന്നതിന്റെ സാധ്യതകളാണ് തങ്ങള്‍ ആരായുന്നതെന്നതെന്ന് അനസ്താസിയ പറഞ്ഞു. റഷ്യ കേരളത്തിലെ കയര്‍ ഉല്പന്നങ്ങളുടെ പുതിയ വിപണിയാകുമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഫര്‍ണിഷിങ് ആവശ്യത്തിനും കയറ്റുപായകളായും കാര്‍ സീറ്റുകളുടെ നിര്‍മാണത്തിനും കയര്‍ റഷ്യയില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. തന്റെ കമ്പനിയുടെ പ്രകൃതിപരമായ ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ ശ്രീലങ്കയില്‍നിന്നാണ് കയര്‍ ഇറക്കുമതി ചെയ്യുന്നതെന്ന് സംഘാംഗമായ ജിയ ബിഗാവ പറഞ്ഞു. കയര്‍ കേരളയിലെത്തിയപ്പോഴാണ് ഇനി ഉത്പന്നങ്ങള്‍ ഇവിടെ നിന്നുകൂടി വാങ്ങിയാലെന്തെന്ന് തോന്നിയത്.
റഷ്യന്‍ ഭാഷ മാത്രം അറിയാവുന്നവരാണ് സംഘാംഗങ്ങളില്‍ മിക്കവരെങ്കിലും ഒരു മലയാളി കൂട്ടത്തിലുള്ളത് അവര്‍ക്ക് അനുഗ്രഹമായി. തലസ്ഥാനമായ മോസ്‌കോയ്‌ക്കു സമീപം മൂന്നു പതിറ്റാണ്ടായി ബിസിനസ് നടത്തുന്ന രഘുനാഥന്‍പിള്ളയാണിത്. കൊക്കോ ലാറ്റക്‌സ് എന്ന് റഷ്യക്കാര്‍ വിളിക്കുന്ന റബര്‍ ചേര്‍ത്ത കയര്‍ വാങ്ങാനുള്ള കരാറില്‍ തങ്ങളേര്‍പ്പെടുമെന്ന ഉറച്ച വിശ്വാസം രഘുനാഥന്‍പിള്ളയ്‌ക്കുണ്ട്.
















