ആലപ്പുഴ: സാമൂഹ്യ സുരക്ഷ നിയമങ്ങളിലോ ഭരണഘടനയിലോ അല്ല നിലനില്‍ക്കുന്നതെന്നും ധാര്‍മ്മിക നിയമങ്ങളാണ് സാമൂഹ്യ ബന്ധങ്ങളെ നിലനിര്‍ത്തുന്നതെന്നും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ സുരേന്ദ്രന്‍ പറഞ്ഞു. ഭാരതീയ മസ്ദൂര്‍ സംഘ് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സമര്‍പ്പണ നിധി ശേഖരണവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും കുറവ് പോലീസ് സംവിധാനമുള്ള രാജ്യം ഭാരതമാണ്. ധാര്‍മ്മിക മൂല്യങ്ങളെ തകര്‍ക്കാനുള്ള ശ്രമം നാടിനെ അരാജകത്വത്തിലേക്കു നയിക്കും. പുരോഗമനത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പേരില്‍ നടത്തുന്ന സാമൂഹിക വിരുദ്ധ സമരങ്ങള്‍ ഭാവി തലമുറയെ നശിപ്പിക്കും. ഭാരതത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെ നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും ഏവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാക്കളായ എം.പി. ഭാര്‍ഗ്ഗവന്‍, എ.എന്‍. പങ്കജാക്ഷന്‍, വി.കെ. ശിവദാസ് എന്നിവരെ ആദരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ്. ആശാമോള്‍, ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍, മേഖലാ സെക്രട്ടറി അനിയന്‍ സ്വാമിച്ചിറ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ. എം. പി. ഭാര്‍ഗവന്‍ സമാപന പ്രഭാഷണം നടത്തി.
കലാപരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
















