നല്‍പത്തൊന്നു ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ശാരീരികവും മാനസികവുമായ ബ്രഹ്മചര്യം ഈ തീര്‍ത്ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പരിശീലനമാണ്. പല തീര്‍ത്ഥാടകരും അവരുടെ കുടുംബങ്ങളുമായി വളരെ കുറഞ്ഞ ബന്ധം പുലര്‍ത്തിക്കൊണ്ട് ഭജനമന്ദിരങ്ങളിലും മറ്റും ഈശ്വരസ്മരണയില്‍മാത്രം മുഴുകി കഴിഞ്ഞുകൂടാറുണ്ട്.
സഹധര്‍മ്മിണികള്‍ അതിന് അവരെ പ്രോത്സാഹിപ്പിക്കാറുമുണ്ട്. നോട്ടത്തിലും വാക്കിലും മനസ്സിലും പ്രവൃത്തിയിലും ബ്രഹ്മചര്യം പാലിച്ചുകൊണ്ട് ഇച്ഛാശക്തിയോടെയുള്ള നിയന്ത്രണത്തോടുകൂടി കുറെ ദിവസങ്ങള്‍ കഴിയുന്നത് പുരുഷന്മാര്‍ക്കു മാത്രമല്ല അവരോടൊപ്പമുള്ള സ്ത്രീകള്‍ക്കും ആത്മശക്തിപ്രദായകമാകുമെന്നും സമന്വയാത്മകവും ശ്രേയസ്‌കരവുമായ ഒരു കുടംബജീവിതത്തിന് അത് മുതല്‍കൂട്ടാകുമെന്നും പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കു ബോധ്യമുള്ളതിനാലാണ് തീര്‍ഥാടനത്തിനുള്ള എല്ലാ സഹകരണവും അവരില്‍നിന്നു ലഭിക്കുന്നത്. ഇത്തരമൊരു പരിശീലനത്തിനുള്ള അവസരത്തിലൂടെ ലഭ്യമാകുന്ന പുനരുജ്ജീവനത്തിന്റെ ആന്തരിക ഊര്‍ജമാണ് ലക്ഷക്കണക്കിനാളുകളെ സന്നിധാനത്തിലേക്ക് ആകര്‍ഷിക്കുന്നത്. ബോധപൂര്‍വമോ അല്ലാതെയോ, യുവതികളുടെ ശാരീരികാവസ്ഥ ഈ വ്രതാനുഷ്ഠാന തീര്‍ഥയാത്രയില്‍ അവരുടെ സാന്നിധ്യം അവര്‍ക്കും മറ്റുള്ളവര്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാലാണ് അത് ബുദ്ധിപൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഉള്ളതുപോലെ സ്ത്രീകള്‍ക്കു മാത്രമായി ഒരു തീര്‍ഥാടനസന്ദര്‍ഭം ഈ വനാന്തരത്തില്‍ ഒരുക്കുന്നത് പ്രയാസവുമാണ്.
ലൈംഗികവാസനയെ നിയന്ത്രിക്കാനുള്ള ഈ പരിശീലനം തീര്‍ത്ഥാടനത്തിലെ ഒരു സുപ്രധാനനിഷ്ഠയാണ്. ബലംപ്രയോഗിച്ച് ഈ ചോദനയെ അമര്‍ത്തുന്നത് ആരോഗ്യകരമല്ലെന്ന് മനഃശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, ഇച്ഛാപൂര്‍വമുള്ള വ്രതനിഷ്ഠയോടുകൂടി മനസ്സിനെ മെരുക്കിയെടുത്ത് അതിന്റെ സൂക്ഷ്മമായ ആദ്ധ്യാത്മികമാനങ്ങളിലേക്ക് ഉയര്‍ത്തുവാനുള്ള ഒരു പ്രത്യേക പരിശീലനമാണ് ഇതിലൂടെ ലഭ്യമാകുന്നത്. അനേകം ജീവജാലങ്ങളില്‍ ആരോഗ്യസംരക്ഷണത്തിനായി പ്രകൃതിതന്നെ യാന്ത്രികമായി ഈ രംഗത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
ലൗകികമായ ജീവിതചര്യകളിലും പ്രശ്‌നങ്ങളിലും മുഴുകിക്കഴിയുന്ന അനേകായിരം സാധാരണജനങ്ങള്‍ക്ക് അവയില്‍നിന്നെല്ലാം കുറെ ദിവസം മാറിനിന്ന് ആത്മനിയന്ത്രണത്തിലൂടെ ആദ്ധ്യാത്മികശക്തിയാര്‍ജ്ജിച്ച് ശരീരത്തിനും മനസ്സിനും ആരോഗ്യവും സന്തുലിതസ്ഥിതിയും നേടാനുള്ള ഒരു പ്രത്യേക അവസരമായിട്ടാണ് ഈ തീര്‍ത്ഥാടനം മഹാമനീഷികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.
മനുഷ്യന്റെ ഇന്നത്തെ പരിണാമദശയില്‍ അവന്‍ പലപ്പോഴും നിയന്ത്രണാതീതമാംവിധം വികാരങ്ങള്‍ക്ക് അടിമയായിപ്പോകാറുണ്ട്. വിശ്വാമിത്രനെപ്പോലുള്ള ഒരു ശക്തനായ യോഗിയുടെ മനസ്സിനെപ്പോലും നിഷ്ഠയില്‍നിന്ന് ഇളക്കിക്കളയുവാന്‍ ഒരു മേനകയ്‌ക്ക് കഴിയുമെങ്കില്‍ ഭൗതികജീവിതത്തില്‍ മുഴുകിക്കഴിയുന്ന സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും! ആന്തരികമായ ഉദാത്തസാദ്ധ്യതകളെ ആവിഷ്‌കരിച്ചുകൊണ്ട് സാംസ്‌കാരികവും ആദ്ധ്യാത്മികവുമായ പുതിയമാനങ്ങളിലേക്ക് വികസിക്കുവാനാണ് ഇത്തരം പരശീലനമുറകള്‍ ഏര്‍പ്പടുത്തിയിട്ടുള്ളത്. സ്ത്രീയുടെ മറുപകുതിയാണ് പുരുഷന്‍. ആ പകുതിക്ക് ആധ്യാത്മിക ഊര്‍ജം പകരുവാനുള്ള ഈ സഹകരണത്തിലൂടെ സ്ത്രീയും അത് ആര്‍ജിക്കുകയാണ്.
തീര്‍ത്ഥാടനത്തില്‍ യുവതികളുടെ സാന്നിധ്യം മനസ്സിനെ വ്യതിചലിപ്പിക്കുവാനും പല പ്രശ്‌നങ്ങളും ഉളവാക്കുവാനും ഇടയാക്കും. സ്ത്രീയും പുരുഷനും സ്വന്തം ശാരീരിക-മാനസിക അവസ്ഥകള്‍ കണക്കിലെടുത്തുകൊണ്ട് തമ്മില്‍ സഹകരിച്ചുകൊണ്ട് അവരുടെ ജീവിതഘട്ടങ്ങള്‍ക്ക് അനുയോജ്യമാംവിധം വളരെ ബുദ്ധിപൂര്‍വ്വമായി സംവിധാനം ചെയ്ത ചിട്ടകളാണ് ശബരിമലതീര്‍ത്ഥാടനത്തിലുള്ളതെന്ന് അല്‍പം ആലോചിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇരുവര്‍ക്കും തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നു- അത് ഉള്‍ക്കൊള്ളുന്ന ആദ്ധ്യാത്മികപരിശീലനത്തെ കഴിവതും വിജയിപ്പിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ചില വ്യവസ്ഥകള്‍ അനുസരിച്ചുകൊണ്ട് വേണം എന്നുമാത്രം.
(തുടരും)
















