ആദ്ധ്യാത്മികാചാര്യനായ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായരുടെ ദേഹവിയോഗം സംഭവിച്ചിട്ട് ഫെബ്രുവരി നാലിന് അഞ്ചുവര്‍ഷം തികയുന്നു. പല തലമുറകള്‍ക്കും വിദ്യപകര്‍ന്നു നല്‍കിയ കോളേജ് പ്രൊഫസര്‍, വിഖ്യാതനായ വേദാന്ത പ്രഭാഷകന്‍, ബ്രഹ്മസൂത്രം, ഉപനിഷത്തുകള്‍, ഭഗവദ്ഗീത ഉള്‍പ്പെടെയുള്ള ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ക്ക് മികവുറ്റ ഭാഷ്യങ്ങള്‍ എഴുതിയ ഭാഷ്യക്കാരന്‍ ഇങ്ങനെ പലനിലകളില്‍ ലബ്ധ പ്രതിഷ്ഠനായ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ ആധുനിക കേരളം കണ്ട ഏറ്റവും വലിയ വേദാന്താചാര്യനാണ്.
തിരുവനന്തപുരത്ത് പേരൂര്‍ക്കടയില്‍ വഴയില കുറുക്കണ്ണാല്‍ വീട്ടില്‍ ഗോവിന്ദപിള്ളയുടെയും ഗൗരിയമ്മയുടെയും പുത്രനായി 1923 ഫെബ്രുവരി അഞ്ചിന് ജനിച്ചു. സൗജന്യമായി സംസ്‌കൃതം പഠിക്കാന്‍ പോയി. ഉപരിപഠനം തിരുവനന്തപുരം സംസ്‌കൃത കോളേജിലായിരുന്നു. തിരുവനന്തപുരം എംജി കോളേജില്‍ അധ്യാപകനായി. 1946 ജൂലൈ 10ന് വിവാഹിതനായി. സംസ്‌കൃത കോളേജില്‍ സതീര്‍ഥ്യയായിരുന്ന സരസ്വതിയമ്മയായിരുന്നു സഹധര്‍മ്മിണി. മലയാളം, ഹിന്ദി, സംസ്‌കൃതം എന്നീ ഭാഷകളില്‍ എംഎ ബിരുദം നേടി. 1955 ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി.
ഇതിനിടയില്‍ മഹാ പണ്ഡിതനായ ഡോ. എ.ജി. കൃഷ്ണവാരിയരുടെ കീഴില്‍ ഗവേഷണം നടത്തി. ആ സമയത്തായിരുന്നു പ്രൊഫ. ബാലകൃഷ്ണന്‍ നായരുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടായത്. ഇളയമകന്‍ അരവിന്ദന്റെ മരണം അദ്ദേഹത്തിന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചു.’ശിവ ശിവ’ എന്നുച്ചരിച്ചുകൊണ്ടാണ് അരവിന്ദന്‍ അച്ഛന്റെ മടിയില്‍ കിടന്ന് ദേഹം ഉപേക്ഷിച്ചത്.
1980ല്‍ ശിവഗിരി ബ്രഹ്മ വിദ്യാലയത്തില്‍ മുഖ്യാചാര്യനായിരിക്കെയാണ് ശ്രീനാരായണ ഗുരുവിന്റെ പത്തു കൃതികള്‍ വ്യാഖ്യാന സഹിതം പ്രൊഫ. ബാലകൃഷ്ണന്‍ നായര്‍ രചിച്ചതും പ്രസിദ്ധപ്പെടുത്തിയതും. അദ്ദേഹത്തിന്റെ ഗുരുദേവ ദര്‍ശന വ്യാഖ്യാനങ്ങളെ പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍,പ്രൊഫ. സുകുമാര്‍ അഴീക്കോട് തുടങ്ങിയവര്‍ ഏറെ പുകഴ്‌ത്തിയിട്ടുണ്ട്.
പ്രൊഫ. ബാലകൃഷ്ണന്‍ നായരുടെ വാസിഷ്ഠസുധ (യോഗവാസിഷ്ഠം സാരം), ഭാഗവത ഹൃദയം, രണ്ടു വിദ്യാരണ്യ കൃതികളില്‍ പഞ്ചദശി, ജീവന്മുക്തി വിവേകം), രണ്ടു മലയാള മാമറകള്‍ (ഹരിനാമകീര്‍ത്തനം, ജ്ഞാനപ്പാന), പ്രൗഢാനുഭൂതി പ്രകരണ പ്രകാശിക എന്നീ ഗ്രന്ഥങ്ങളും ഏറെ ശ്രദ്ധേയമായി. ഈ ഗ്രന്ഥങ്ങളെല്ലാം ആദ്ധ്യാത്മിക കേരളത്തിന്റെ വഴിവിളക്കുകളാണ്.
‘ആധുനിക കേരളത്തിന്റെ രമണമഹര്‍ഷി’ എന്നു വിശേഷിപ്പിക്കാവുന്ന പ്രൊഫ. ബാലകൃഷ്ണന്‍ നായരെ അനുസ്മരിക്കാന്‍ ഈ വര്‍ഷത്തെ അനുസ്മരണ സമ്മേളനം ഫെബ്രുവരി ആറിന് കിഴക്കേക്കോട്ട അഭേദാനന്ദാശ്രമത്തില്‍ സമാപിക്കും. ഈ സമ്മേളനത്തോടനുബന്ധിച്ചുള്ള ജ്ഞാനയജ്ഞത്തില്‍ പ്രശസ്ത ആദ്ധ്യാത്മിക പ്രഭാഷകന്‍ നൊച്ചൂര്‍ വെങ്കട്ടരാമന്‍ ആദിശങ്കരന്റെ ‘ മനീഷാ പഞ്ചക’ത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. ദിവസവും വൈകുന്നേരം 6. 30 മുതല്‍ 8.15 വരെയാണ് പ്രഭാഷണം.
















