തിരുവനന്തപുരം: പരസഹായമില്ലാതെ എഴുന്നേല്‍ക്കാനാകാതെ രോഗശയ്യയിലായ യുവാവിന് സഹായവുമായി ലോ അക്കാദമിയിലെയും ലോ കോളജിലെയും എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ഥികള്‍. ആര്യനാട് പള്ളിവേട്ട സ്വദേശി ബിജുവിന് വേണ്ടിയാണ് നൂറ്റി എണ്‍പതോളം എന്‍എസ്എസ് വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ വീട് നിര്‍മിച്ച് നല്‍കുന്നത്.
നെടുമങ്ങാട് കോടതിയില്‍ അഭിഭാഷക ഗുമസ്തനായി ജോലി ചെയ്തിരുന്ന ബിജു ഒമ്പതുവര്‍ഷം മുമ്പാണ് രക്തവാതം പിടിപെട്ട് കിടപ്പിലായത്. തുടര്‍ന്ന് ചികിത്സകള്‍ക്കിടെ സോറിയാസിസ് രോഗം പിടിപെട്ടു. ശരീരമാകെ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായ ബിജു നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും യാതൊരു മാറ്റവുമുണ്ടായില്ല. രോഗിയായ പിതാവ് ജോണിക്കൊപ്പം നാലുസെന്റിലെ ഇടിഞ്ഞുവീഴാറായ വീട്ടിലായിരുന്നു ബിജുവിന്റെ താമസം. മറ്റ് വരുമാന മാര്‍ഗങ്ങളൊന്നുമില്ലാത്ത ഇവര്‍ മരുന്നുകള്‍ക്കും നിത്യ ചെലവുകള്‍ക്കുമായി കഷ്ടപ്പെടുകയാണ്. സഹോദരി ബിന്ദുവും ഭര്‍ത്താവും മാത്രമാണ് ഏക ആശ്രയം.
പണി പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ദാനം ഇന്ന് ലോ അക്കാദമി കാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ആര്‍ക്കിടെക്ട് ജി. ശങ്കര്‍, കേരള യൂണിവേഴ്‌സിറ്റി എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ എസ്. വേണുമോഹന്‍, പ്രിന്‍സിപ്പല്‍ ഡോ ലക്ഷ്മി പി. നായര്‍ എന്നിവര്‍ പങ്കെടുക്കും. വീട് പൂര്‍ണമായും പെയിന്റ് ചെയ്തതും വിദ്യാര്‍ഥികളാണ്.
















