ആലപ്പുഴ: കയര്‍ ഉത്പന്നങ്ങളുടെ കയറ്റുമതിക്കുള്ള മുഖ്യവേദിയായി കയര്‍ കേരള മാറിയെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ ആറാമത് ‘കയര്‍ കേരള’ രാജ്യാന്തര പ്രദര്‍ശന-വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കയര്‍ മേഖലയ്ക്ക് പുതിയ വിപണികള്‍ തുറന്നുകിട്ടുന്നതിനുള്ള അവസരമാണ് കയര്‍ കേരള ഒരുക്കുന്നത്. പരമ്പരാഗത മേഖലകള്‍ പ്രതിസന്ധികളെ നേരിടുമ്പോള്‍ കയര്‍ മേഖലയില്‍ മുന്നേറ്റമുണ്ടാക്കാനുള്ള വിപ്ലവകരമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനായി. കയര്‍ മേഖലയില്‍ പണിയെടുക്കുന്ന മൂന്നേമുക്കാല്‍ ലക്ഷം തൊഴിലാളികളില്‍ ഭൂരിഭാഗവും പാവപ്പെട്ട സ്ത്രീകളാണ്.
തൊഴിലാളികളുടെ കൂലി 150 രൂപയില്‍നിന്ന 300 രൂപയായും പെന്ഷന് 300 രൂപയില്‍നിന്ന് 600 രൂപയായും ഉയര്‍ത്തി. തൊഴിലാളികളുടെ ബന്ധുക്കള്‍ക്കുള്ള മരണാന്തര ധനസഹായം 45,000 രൂപയാക്കി. പ്രതിസന്ധി നേരിട്ട പൊതുമേഖലാ സ്ഥാപനങ്ങളെ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനായി. ഗുണമേന്മയേറിയ കയര്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ച് കയറ്റുമതി വര്‍ധിപ്പിക്കാനാകണം. പുതിയ വിപണിയും മേഖലകളും കണ്ടെത്തണം-മന്ത്രി പറഞ്ഞു.
കയര്‍-റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.ഇന്‍കം സപ്പോര്‍ട്ട് സ്കീമിലൂടെ സര്‍ക്കാര്‍ 54 കോടി രൂപ കൂലിയായി കയര്‍പിരി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നല്‍കിയതായി മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 150 രൂപയായിരുന്ന കൂലി 300 രൂപയായി വര്‍ധിപ്പിച്ചു. ഇന്‍കം സപ്പോര്‍ട്ട് സ്കീമിലൂടെ സര്‍ക്കാര്‍ 110 രൂപ കൂലിയായി ബാങ്ക് അക്കൗണ്ടുകള്‍ വഴി തൊഴിലാളികള്‍ക്കു നല്കി. കയര്‍ സംഭരണത്തിന് കയര്‍ഫെഡിന് സര്‍ക്കാര്‍ ഈ വര്‍ഷം 11 കോടി രൂപയാണ് നല്‍കുന്നത്. ആറരക്കോടി രൂപ നല്‍കിക്കഴിഞ്ഞു. നാലരക്കോടി രൂപ കൂടി നല്‍കും. ചകിരിനാര് ഉത്പാദനം 75,000 ടണ്ണായി ഉയര്‍ത്താനായി. തൊണ്ടു സംഭരിക്കാന്‍ കുടുംബശ്രീ മുന്നോട്ടു വന്നാല്‍ സഹായം നല്‍കും. തൊഴിലാളികളുടെ അസംതൃപ്തി മാറ്റാനാണ് സര്‍ക്കാരിന്റെ ശ്രമം.
2009-10 ല്‍ 9.92 ലക്ഷം രൂപയായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ കയര്‍ ഉത്പന്ന കയറ്റുമതി ഈ സാമ്പത്തിക വര്‍ഷം 5.40 കോടിയായി ഉയര്‍ത്താനായി. രാജ്യം 1630.34 കോടി രൂപയുടെ കയര്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. ഇതില്‍ 60 ശതമാനവും കേരളത്തില്‍നിന്നുള്ള ഉത്പന്നങ്ങളാണ്. കയര്‍മേഖലയുടെ വളര്‍ച്ചയ്ക്ക് യന്ത്രവത്കരണം അനിവാര്യമാണെന്നുംമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: