മനുഷ്യന്‍ മനനം ചെയ്യുന്നവന്‍ എന്നും സര്‍വ്വലോകത്തിനും ജന്മിയായും ജന്മാന്തരവുമായി നിന്ന അറിവ് സര്‍വ്വലോകത്തിന്റെയും സൃഷ്ടിക്കു കാരണമായിരിക്കുകയാല്‍ ആ അറിവ് ഏതു കാലത്തും മനുഷ്യനു വെളിപ്പെടുമ്പോള്‍ മാത്രമേ അവര്‍ക്കു ജന്മം കിട്ടുന്നുള്ളു. അപ്പോള്‍ മാത്രമേ അവര്‍ക്കു ആ അറിവിനെ വച്ച് ഓരോന്നും അറിയുവാന്‍ സാധിക്കൂ. ആ അവസ്ഥക്കാണ് മനുഷ്യന്‍ (മനനം ചെയ്യുന്നവന്‍) എന്നു പറയുന്നത്.
ഈ അവസ്ഥ പ്രാപിക്കാത്ത മനുഷ്യലോകമാണ് കണ്ടിട്ടും കണ്ടില്ലെന്നും കേട്ടിട്ടും കേട്ടില്ലെന്നും അനുഭവിച്ചിട്ടും അറിഞ്ഞില്ലെന്നും പറയുന്നത്. ഈ അറിവ് അവര്‍ക്കില്ലാത്തതിനാല്‍ അറിവുകേടു നിമിത്തം അവരേ അവര്‍ അറിയാതെ പറഞ്ഞു പോകുന്നതാണ്. ഇതാകുന്നു പാപം. ഇതൊഴിച്ചു ഭൂമിയില്‍ പാപമില്ല. ഈ പാപം ദൈവം സൃഷ്ടിച്ചതാണോ? അവരവര്‍ അറിയേണ്ട വിധം അറിയുമ്പോള്‍ അറിവുകേടു തീര്‍ന്നു.
പ്രവര്‍ത്തിക്കേണ്ട വിധം പ്രവര്‍ത്തിക്കുമ്പോള്‍ പ്രവര്‍ത്തിദോഷവും തീര്‍ന്നു. അപ്പോള്‍ ജന്മദോഷവും കര്‍മ്മദോഷവും തീര്‍ന്നു. ഈ അവസ്ഥയെ പരിഹരിക്കുന്ന ബോധത്തിനും കര്‍മ്മത്തിനും കൂടിയാണ് മനുഷ്യന്‍ എന്നു പറയുന്നത്.
















