സര്‍വ്വലോകസ്രഷ്ടാവാണു ദൈവം. സര്‍വ്വലോകസ്രഷ്ടാവായ ദൈവം സര്‍വ്വജ്ഞനാകയാലത്രെ സര്‍വ്വലോകങ്ങളും തന്റെ ജ്ഞാനം കൊണ്ടു സൃഷ്ടിപ്പാന്‍ കഴിഞ്ഞത്. എങ്ങനെയെന്നാല്‍ സൃഷ്ടിജാലങ്ങളുടെ ഓരോന്നിന്റെയും പ്രകൃതിവിശേഷഗുണങ്ങളെക്കൊണ്ട് ആലോചിക്കുന്നവര്‍ക്ക് ദൈവം സര്‍വ്വജ്ഞനാണെന്നു തന്നത്താന്‍ തന്നെക്കൊണ്ട് ഗ്രഹിപ്പാന്‍ കഴിയുന്നു.
ഈ അവസ്ഥയെ വച്ചു പരിശോധിക്കുന്ന ഒരാള്‍ക്കു ദൈവം സര്‍വ്വജ്ഞനാണെന്നു സമ്മതിച്ചേ മതിയാവൂ. ഇത്ര മോഹനമായ അനുഭവസാക്ഷികളെ എല്ലാ വിധത്തിലും കണ്ടറിയുന്നവര്‍ക്ക് ദൈവം അജ്ഞാനിയാണെന്നോ മൗനിയാണെന്നോ വിചാരിക്കുക സാദ്ധ്യമല്ല. ഇങ്ങനെയുള്ള വാസ്തവ അവസ്ഥകളെ പര്യാലോചിക്കുന്നതിന് നിവൃത്തിയില്ല. ആ ദുര്‍വൃത്തികള്‍ക്കും ദുരഭിപ്രായമായ അബദ്ധന്മാര്‍ക്കും മാത്രമേ ദൈവം അജ്ഞാനിയെന്നോ, മൗനിയെന്നോ, അല്ലെങ്കില്‍ ദൈവം ഇല്ലെന്നോ, പറയുവാന്‍ സാധിക്കയുള്ളു.
വാസ്തവം ഇങ്ങനെയിരിക്കെ ദൈവം മൗനിയാണെങ്കില്‍ മൗനിക്കു ആ ലോകസൃഷ്ടിയുടെ ആവശ്യം ഇല്ല. ദൈവം അജ്ഞാനിയാണെങ്കില്‍ തന്നാല്‍ ഉണ്ടായ ലോകം യാതൊരു മനുഷ്യനാവാലും വര്‍ണ്ണിച്ചാല്‍ മതിവരാത്തവണ്ണം ഇത്രയധികം വിശിഷ്ടഗുണങ്ങളോടു കൂടി പ്രകൃതി നടത്തിക്കൊണ്ടിരിക്കുന്നു എന്ന് അറിയുന്ന ഒരാള്‍ക്ക് ദൈവം അജ്ഞാനിയാണെന്ന് എങ്ങനെ പറയുവാന്‍ സാധിക്കും.
















