ചേര്‍ത്തല: പട്ടണക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ ബലപരീക്ഷണത്തിന്. 20 കോടിയോളം രൂപയുടെ തട്ടിപ്പു നടന്നതായാണ് ബാങ്കില്‍ സഹകരണ വകുപ്പു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ബാങ്ക് ഭരണം കോണ്‍ഗ്രസ് നേതൃത്വത്തിലാണ്.
തട്ടിപ്പില്‍ ഭരണ സമിതിക്കു ബന്ധമില്ലെന്നാണ് കോണ്‍ഗ്രസ് വാദിച്ചിരുന്നത്. എന്നാല്‍ ബാങ്ക് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം നല്‍കിയ അവിശ്വാസ നോട്ടീസില്‍ ഒമ്പതിനു ചര്‍ച്ച നിശ്ചയിച്ചിരിക്കുകയാണ്. തട്ടിപ്പുമായി ബന്ധപെട്ട് നേതൃമാറ്റത്തിനു ആവശ്യം ഉയര്‍ന്നതാണ് എ, ഐ ഗ്രൂപ്പുകളുടെ തര്‍ക്കത്തിലേക്കു കാര്യങ്ങള്‍ നീങ്ങിയത്. ഒമ്പതിനു നടക്കുന്ന അവിശ്വാസം വിജയിച്ചാലും പരാജയപെട്ടാലും അതു പാര്‍ട്ടിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സൂചന.
സംഭവവുമായി ബന്ധപെട്ടു ഡിസിസി പ്രസിഡന്റ് ബാങ്ക് പ്രസിഡന്റിനോടു മാറിനില്‍കാന്‍ കത്തു നല്‍കിയിരുന്നു. ഇത് അനുസരിക്കാതെ വന്നതാണ് അവിശ്വാസ നോട്ടീസിലേക്കു കാര്യങ്ങള്‍ എത്തിയതെന്നാണ് ഐ ഗ്രൂപ്പ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതില്‍ ഗ്രൂപ്പു തീരുമാനമല്ല പാര്‍ട്ടിതീരുമാനങ്ങള്‍ മാത്രമാണുള്ളതെന്നും അവര്‍ പറയുന്നു. ബാങ്കിനെ സംരക്ഷിച്ച് ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുകയാണിപ്പോള്‍ ആവശ്യമെന്നും അവര്‍ പറയുന്നു.
ഇതേ സമയം ഇടക്കാല റിപ്പോര്‍ട്ടിലടക്കം ബാങ്ക് പ്രസിഡന്റിനെതിരെ ഒരു പരാമര്‍ശവും ഇല്ലെന്നാണ് എ ഗ്രൂപ്പുവാദം. അദ്ദേഹത്തെ മാറ്റാനുള്ള തീരുമാനം ഗ്രൂപ്പു വൈരാഗ്യമാണെന്നും അവര്‍ പറയുന്നു. സഹകരണ വകുപ്പു നടത്തിയ അന്വേഷണത്തിലെ ഇടക്കാല റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളവര്‍ തന്നെയാണ് നേതൃമാറ്റത്തിനു മുന്നില്‍ നില്‍ക്കുന്നതെന്ന വാദവും അവര്‍ ഉയര്‍ത്തുന്നുണ്ട്.
പാര്‍ട്ടി മണ്ഡലം കമ്മിറ്റിയില്‍ വിഷയങ്ങളൊന്നും ചര്‍ച്ചചെയ്യാതെ ഏകപക്ഷീയമായ തീരുമാനങ്ങളാണുണ്ടാകുന്നതെന്നും എ ഗ്രൂപ്പ് വിമര്‍ശമുയര്‍ത്തുന്നുണ്ട്. അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന ബാങ്കിനെ സംരക്ഷിക്കാതെ അധികാരം പിടിച്ചെടുക്കാനുള്ള ഗൂഡശ്രമങ്ങളാണു നടത്തുന്നതെന്നും അവര്‍ ആരോപിച്ചു. ബാങ്കിലെ ക്രമക്കേട് അന്വേഷിക്കുവാന്‍ പാര്‍ട്ടി നിയോഗിച്ച ഏഴംഗ കമ്മിറ്റിയോടുപോലും ആലോചന നടത്താതെയുള്ള തീരുമാനങ്ങളാണ് ഉണ്ടാകുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. അവിശ്വാസ നോട്ടീസ് പോലും ഏകപക്ഷീയമായ തീരുമാനത്തിന്റെ ഫലമാണെന്നും വിമര്‍ശനമുയര്‍ത്തുന്നുണ്ട്.
















