ഗൃഹസ്ഥാശ്രമിക്ക് മുറം, അരകല്ല്, ചൂല്, ഉരല്‍, ജലകുംഭം ഈ അഞ്ചുപകരണങ്ങള്‍ ഒഴിവാക്കാന്‍വയ്യ. ഇതുകള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പാപങ്ങള്‍ അകറ്റിനിര്‍ത്തുവാനായി ഭാരതീയ മഹര്‍ഷിമാര്‍ അഞ്ചുമഹായജ്ഞങ്ങള്‍ വിധിച്ചിരുന്നു. ഇതിന് പഞ്ചമഹായജ്ഞങ്ങള്‍ എന്നു പറയും. ബ്രഹ്മയജ്ഞം, പിതൃയജ്ഞം, ദേവയജ്ഞം, ഭൂതയജ്ഞം, മാനുഷയജ്ഞം, എന്നിവയാണ് പഞ്ചമഹായജ്ഞങ്ങള്‍. വേദംചൊല്ലിക്കൊടുക്കുന്നത് ബ്രഹ്മയജ്ഞം. അന്നത്തിനാലോ, ജലതര്‍പ്പണത്തിനാലോ പിതൃക്കളെ തൃപ്തിപ്പെടുത്തുന്നത് പിതൃയജ്ഞം. ദേവകള്‍ക്കുവേണ്ടി അഗ്നിയില്‍ ഹോമിക്കുന്നത് ദേവയജ്ഞം.
വായസബലി മുതലായത് ഭൂതയജ്ഞവും. അതിഥികള്‍ക്ക് ആഹാരംകൊടുക്കുന്നത് മാനുഷിക യജ്ഞവുമാണ്. ഇതെല്ലാം ചെയ്യാത്തവന്‍ മരിച്ചതിനുതുല്യമാകുന്നു എന്നാണ് വേദജ്ഞന്മാര്‍ പറയുന്നത്.
ചിലമഹാന്മാര്‍ ഈ അഞ്ചുമഹായജ്ഞങ്ങളേയും ആഹൂതം, ഹൂതം, പ്രഹൂതം, ബ്രാഹ്മഹൂതം പ്രാശിതം എന്ന് അഞ്ചുവിധത്തില്‍ പ്രസ്താവിക്കുന്നു. ആഹൂതം ബ്രഹ്മയജ്ഞവും, ഹൂതം ദേവയജ്ഞവും, പ്രഹൂതം ഭൂതയജ്ഞവും ഹൂതം മാനുഷികയജ്ഞവും പ്രാശിതം പിതൃയജ്ഞവുമാകുന്നു.
ജപോഹൂതോ ഹൂതോഹോമഃ
പ്രഹൂതോ ഭൗതികോബലിഃ
ബ്രാഹ്മ്യം ഹൂതം ദ്വിജാഗ്രാര്‍ച്ച
പ്രാശിതം പിതൃതര്‍പ്പണം.
ചില സന്ദര്‍ഭങ്ങളില്‍ മാനുഷയജ്ഞം ചെയ്യുന്നതിന് ശക്തിയില്ലാതെ വന്നാലും ബ്രഹ്മയജ്ഞം, ദൈവയജ്ഞം ഇവകള്‍ നിത്യവുംചെയ്യണം. ദേവന്മാര്‍ക്കായിട്ട് അഗ്നിയില്‍ ചെയ്യപ്പെടുന്ന ഹോമങ്ങള്‍ ആദിത്യനില്‍ ചേരുന്നു. ആദിത്യനില്‍ നിന്നുമഴയുണ്ടാകുന്നു. മഴ സസ്യങ്ങളെ പുഷ്ടിപ്പെടുത്തുന്നു. അങ്ങനെ ജീവകോടികള്‍ വര്‍ദ്ധിക്കുന്നുവെന്നാണ് വേദത്തില്‍ പ്രസ്താവിച്ചിരിക്കുന്നത്. സര്‍വ്വ ജന്തുക്കളും പ്രാണവായുവിനനെ ആശ്രയിച്ച് എങ്ങനെ ജീവിക്കുന്നുവോ അപ്രകാരം ബ്രഹ്മചാരി വാനപ്രസ്ഥന്‍ സന്യാസി എന്നീ മുന്നുപേരും ഗൃഹസ്ഥനെ ആശ്രയിച്ചു ജിവിക്കുന്നു. തന്നിമിത്തം ഗൃഹസ്ഥാശ്രമം മറ്റാശ്രമങ്ങളേക്കാള്‍ ശ്രേഷ്ഠമാണ്.
















