ലഹോര്‍: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ ഏറെ ഇഷ്ടമാണ് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒക്കാറ ജില്ലയിലെ ഉമര്‍ ദ്രാസിന്. എന്നാല്‍, അതിത്ര പുലിവാലാകുമെന്ന് ആ യുവാവ് കരുതിയില്ല. വിരാടിനോടുള്ള ആരാധന അതിരുവിട്ടപ്പോള്‍ പാക്കിസ്ഥാനിലെ തന്റെ വീട്ടിനു മുന്നില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി ഉമര്‍.
വിവരമറിഞ്ഞതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വീട്ടില്‍നിന്ന് ഇന്ത്യന്‍ പതാകയും പിടിച്ചെടുത്തു. റിമാന്‍ഡിലാണ് ഉമര്‍. ക്രമസമാധാനപാലനം മുന്‍നിര്‍ത്തിയാണ് അറസ്റ്റെന്ന് പോലീസ്.
വിരാട് കോഹ്‌ലിയുടെ കടുത്ത ആരാധകനാണെന്ന് ഉമര്‍ പറഞ്ഞു. വിരാട് ഉള്ളതുകൊണ്ട് ഇന്ത്യന്‍ ടീമിനെ പിന്തുണയ്‌ക്കുന്നു. അതുകൊണ്ടാണ് വീട്ടില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത്. ചെയ്യുന്നത് തെറ്റെന്ന് അറിയില്ലായിരുന്നുവെന്നും അറിവില്ലായ്‌മ കൊണ്ട് സംഭവിച്ച തെറ്റ് പൊറുക്കണമെന്നും ഉമര്‍ അഭ്യര്‍ത്ഥിച്ചു.
















