കോഴിക്കോട്: ദേശീയ സ്‌കൂള്‍ കായികമേളയ്‌ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അവസാനവട്ട സജ്ജീകരണങ്ങള്‍ അധികൃതര്‍ പരിശോധിച്ച് സംതൃപ്തി അറിയിച്ചു. നാളെ മുതല്‍ ഫെബ്രുവരി രണ്ട് വരെ മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സിന്തറ്റിക് സ്റ്റേഡിയത്തിലാണ് കായികമേള നടക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഏറെയും കോഴിക്കോട്ടെത്തി. ശേഷിക്കുന്ന ടീമുകള്‍ ഇന്നെത്തും. ടീമുകളുടെ രജിസ്‌ട്രേഷന്‍ മാനാഞ്ചിറ ബിഇഎം സ്‌കൂളിലാണ്.
കായികമേളയുടെ ദീപശിഖാ പ്രയാണത്തിന്റെ ഉദ്ഘാടനം ഇന്നലെ തിക്കോടി തൃക്കോട്ടൂര്‍ എയുപി സ്‌കൂളില്‍ നടന്നു. ഉച്ചയ്‌ക്ക് ശേഷം രണ്ടിന് നടന്ന പ്രയാണത്തിന്റെ ഉദ്ഘാടനം ഒളിമ്പ്യന്‍ പി.ടി. ഉഷ നിര്‍വഹിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ദേശീയ ഗെയിംസ് കേരളത്തിലേക്ക് വന്നത് സന്തോഷകരമാണെന്ന് ഉഷ പറഞ്ഞു. അങ്ങേയറ്റം കാര്യക്ഷമതയോടെ ഗെയിംസ് നമ്മള്‍ നടത്തും. സംസ്ഥാനത്തിന്റെ അഭിമാനമായി തന്നെ ഗെയിംസ് നടത്തിപ്പ് കാണേണ്ടതുണ്ടെന്നും ഉഷ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ എം.കെ. രാഘവന്‍ എം.പി. അദ്ധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. പ്രേമന്‍, പി.പി. രമണി, വിജയലക്ഷ്മി, വി. രാജീവന്‍ മാസ്റ്റര്‍ , വി.കെ. തങ്കച്ചന്‍, കെ.ദിവാകരന്‍, ആനന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു. ഓര്‍ഗനൈസിംഗ് ജോയിന്റ് സെക്രട്ടറി എ.കെ. മുഹമ്മദ് അഷ്‌റഫ് സ്വാഗതവും എം. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
















