ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലാസ്സിക്ക് പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിക്ക് ജയം. ആഴ്‌സണലിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ചെല്‍സി എവേ മത്സരത്തില്‍ കീഴടക്കിയത്. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ 23-ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയാണ് നീലപ്പടയുടെ വിജയഗോള്‍ നേടിയത്. ബ്രാനിസ്ലാവ് ഇവാനോവിച്ചിന്റെ പാസില്‍ നിന്നായിരുന്നു കോസ്റ്റ ഗണ്ണേഴ്‌സ് വല കുലുക്കിയത്. 18-ാം മിനിറ്റില്‍ ആഴ്‌സണലിന്റെ പെര്‍ മെര്‍റ്റസാക്കര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായി കളിക്കേണ്ടിവന്നതാണ് ഗണ്ണേഴ്‌സിന് തിരിച്ചടിയായത്.
മത്സരത്തില്‍ പന്ത് കൂടുതല്‍ നിയന്ത്രിച്ചുനിര്‍ത്തിയതും ഷോട്ടുകള്‍ പായിച്ചതും ചെല്‍സിയാണ്. അവര്‍ പായിച്ച 12 ഷോട്ടുകളില്‍ ആറെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും ആഴ്‌സണലിന്റെ മുന്‍ ചെല്‍സി ഗോളി പീറ്റര്‍ ചെക്ക് പോസ്റ്റിന് മുന്നില്‍ ഉജ്ജ്വല പ്രകടനം നടത്തി. ഇതോടെയാണ് ചെല്‍സിക്ക് ഒരു ഗോള്‍ ജയവുമായി തൃപ്തിയടയേണ്ടിവന്നത്. ഇൗ സീസണില്‍ എവേ മത്സരത്തില്‍ ചെല്‍സിയുടെ ആദ്യ വിജയമാണിത്.
വിജയത്തോടെ 23 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റുമായി ചെല്‍സി 13-ാം സ്ഥാനത്തേക്കുയര്‍ന്നു. അതേസമയം പരാജയപ്പെട്ട ആഴ്‌സണല്‍ മൂന്നാം സ്ഥാനത്താണ്. വിജയിച്ചിരുന്നെങ്കില്‍ അവര്‍ക്ക് ഒന്നാം സ്ഥാനത്ത് തുടരാന്‍ കഴിയുമായിരുന്നു.
മറ്റൊരു മത്സരത്തില്‍ എവര്‍ട്ടണ്‍ പരാജയപ്പെട്ടു. സ്വാന്‍സീ സിറ്റിയാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എവേ മത്സരത്തില്‍ അവരെ കീഴടക്കിയത്. 18-ാം മിനിറ്റില്‍ ഗില്‍ഫി സിഗുഡ്‌സണും 34-ാം മിനിറ്റില്‍ ആന്ദ്രെ അയ്യൂവും സ്വാന്‍സിക്കായി ഗോള്‍ നേടി. എവര്‍ട്ടന്റെ ആശ്വാസഗോളും സ്വാന്‍സീ താരത്തിന്റെ വകയായിരുന്നു. 26-ാം മിനിറ്റില്‍ ജാക്ക് കോര്‍ക്കാണ് സ്വന്തം വലയില്‍ പന്തെത്തിച്ചത്. വിജയത്തോടെ 23 കളികളില്‍ നിന്ന് 25 പോയിന്റുമായി സ്വാന്‍സീ 15-ാം സ്ഥാനത്തേക്കുയര്‍ന്നു.
















