ഈ ലോകത്തിലെ സൂര്യന്‍ ജ്ഞാനമാകുന്നു. ഈ ലോകത്തിലെ ഫലങ്ങള്‍ സല്‍പ്രവൃത്തികളാകുന്നു. ഈ സ്ഥാനമില്ലാത്ത സ്ഥലം അറിവുകേടു കൊണ്ടും അനാചാരം കൊണ്ടും അപകടം കൊണ്ടും നരകമായിത്തീരുന്നു. ഇതു തന്നില്‍ത്തന്നെ ഉളവാകുന്നു. ഇതു സ്വര്‍ഗ്ഗമാകുന്നു. താന്‍ സ്വര്‍ഗ്ഗമായി സ്വര്‍ഗ്ഗാനുഭവനായി ലോകത്തിനു നീതിയായി നില്‍ക്കുന്നു. അവിടെ രാത്രിയില്ല. ഇതിനാലത്രെ സകലവേദഗ്രന്ഥങ്ങളും രാമായണം എന്നു തെളിയിക്കുന്നത്.
അതിനാല്‍ രാമനാമം, നാരായണ നാമം ഇങ്ങനെ രണ്ടു നാമങ്ങളും ഉളവായി വന്നു. നാരായണ നാമം സൂര്യനെ കാണിക്കുന്നു. അതിനാല്‍ സന്ധ്യാസമയത്തിങ്കല്‍ രാമനാമവും രാവിലെ നാരായണനാമവും ജപിക്കുന്നു. രാത്രി എന്നത് അറിവുകേടിനെ കാണിക്കുന്നു. സൂര്യോദയം പകലെന്ന ജ്ഞാനത്തെ കാണിക്കുന്നു. ഇപ്രകാരം രണ്ടു സന്ധ്യയിലും രാമനാമവും ജപിക്കുന്നു. എന്നാല്‍ രാ എന്ന അറിവുകേട് നീങ്ങി അറിവിലെത്താത്ത മനുഷ്യന്‍ ജന്മം എടുത്തിട്ടില്ല.
കാരണം മനുഷ്യന്‍ മനനം ചെയ്യുന്നവന്‍. മനനം എന്നാല്‍ ആലോചിക്കുന്നവന്‍. ആ ലോകമെന്നാല്‍ തന്നെക്കൊണ്ടു മേല്‍പ്രകാരം ഉള്ള അറിവാകുന്നു. യോജിക്കയെന്നത് തന്നെ അറിഞ്ഞു തന്നോട് യോജിച്ചു തന്നിലേക്കു താന്‍ യോജിച്ചു, അതായത് ലയിച്ചു. അതായത് ജ്ഞാനം ബ്രഹ്മമാകുന്നു. ബ്രഹ്മമെന്നതുതന്നെ ബന്ധിക്കുന്നു. അതിലേക്കു താന്‍ ചേരുകയാണ് ചെയ്യുന്നത്. അതിനാല്‍ മോക്ഷം ബ്രഹ്മലയനമാകുന്നു എന്നു പറയുന്നു. മരിച്ചിട്ടില്ലാ, ജീവനോടെ ഇരിക്കുമ്പോള്‍ തന്നെ താന്‍ അറിഞ്ഞു തനിക്കായി ജീവിക്കുന്ന ആള്‍ മനുഷ്യനാകുന്നു. സത്യം.
















