വെല്ലിംഗ്ടണ്‍: ക്രിക്കറ്റില്‍ അപകടങ്ങള്‍ വിട്ടൊഴിയുന്നില്ല. പാക്കിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിനിടെ ന്യൂസിലന്‍ഡ് താരം മിച്ചല്‍ മക്‌ലെനാനു പന്തുകൊണ്ട് കണ്ണിനു പരിക്കേറ്റു.
പാക് പേസര്‍ അന്‍വര്‍ അലിയുടെ ബൗണ്‍സര്‍ ഹുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പന്തു ഹെല്‍മറ്റിനുള്ളിലൂടെ കണ്ണില്‍ പതിക്കുകയായിരുന്നു. ഉടന്‍ നിലത്തുവീണ കിവീസ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിന്റെ പുരികത്തിനു മുകളില്‍ തുന്നലുണ്ട്.
പത്താമനായി ക്രീസിലെത്തിയ മക്‌ലെനാന്‍ 18 പന്തില്‍ മൂന്ന് ഫോറും രണ്ടു സിക്‌സറും പറത്തി 31 റണ്‍സോടെ ബാറ്റ് ചെയ്യുമ്പോഴാണ് ഏറുകൊണ്ടത്. ആശുപത്രിയിലേയ്‌ക്ക് മാറ്റിയ മക്‌ലെനാന്‍ ബൗള്‍ ചെയ്യാന്‍ എത്തിയുമില്ല. പരിക്ക് ഭേദമാകാന്‍ സമയം വേണ്ടിവരുമെന്നാണ് കരുതുന്നത്. മത്സരം 70 റണ്‍സിനു കിവീസ് വിജയിച്ചു.
















