പള്ളുരുത്തി: തീരക്കടലില്‍ ട്രോള്‍ ബോട്ടുകള്‍ അനധികൃത മത്‌സ്യബന്ധനം നടത്തുന്നതായി പരാതി. പരമ്പരാഗത മത്‌സ്യത്തൊഴിലാളികളാണ് എതിര്‍പ്പുമായി രംഗത്തുവന്നിട്ടുള്ളത്. കൊച്ചി, മുരിക്കുംപാടം മേഖലയിലെ തീരക്കടലില്‍ ചെറുവള്ളങ്ങളുടെ മത്‌സ്യബന്ധനം തകര്‍ത്ത് ട്രോള്‍ബോട്ടുകള്‍ കടലിലെ അടിത്തട്ട് അരിച്ചുപെറുക്കി മത്‌സ്യബന്ധനം തുടരുന്നതായും പരമ്പരാഗത മത്‌സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരാതി നല്‍കിയെങ്കിലും ഇതൊന്നും ഗൗനിക്കാന്‍ ബോട്ടുടമകള്‍ തയ്യാറാകുന്നില്ലെന്നും തൊഴിലാളികള്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം കൊച്ചി തീരക്കടലില്‍ ബോട്ടുകളുടെ അനധികൃത മത്‌സ്യബന്ധനം മൂലം ചെല്ലാനം സ്വദേശികളായ കടവുങ്കല്‍ സേവ്യര്‍, തയ്യില്‍ മരിയാന്‍ നോബിച്ചന്‍, വലിയ തയ്യില്‍ സേവ്യര്‍ എന്നിവരുടെ വലകള്‍ നഷ്ടപ്പെട്ടിരുന്നു. പോലീസ് അധികാരികളെയും ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റിനെയും വിവരം ധരിപ്പിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. ബോട്ടുടമകള്‍ ഈ രീതി തുടര്‍ന്നാല്‍ തിങ്കളാഴ്ച ബോട്ടുകള്‍ പിടിച്ചുകെട്ടി പ്രതിഷേധിക്കുമെന്ന് കേരള സ്വതന്ത്ര മത്‌സ്യത്തൊഴിലാളി ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ട്രോള്‍ബോട്ടുകളുടെ അതിക്രമം പ്രതിരോധിക്കാന്‍ സ്വതന്ത്ര മത്‌സ്യത്തൊഴിലാളി ഫെഡറേഷന്‍ മുന്നിട്ടിറങ്ങുമെന്ന് സെക്രട്ടറി എന്‍.ജെ. ആന്റണി പറഞ്ഞു.















