കേരളത്തിന്റെ യഥാര്‍ത്ഥ സമ്പത്ത് മേളങ്ങളാണ്. മേളങ്ങളുടെ ഉത്പത്തിയും വികാസപരിണാമങ്ങളും തീര്‍ത്തും അവ്യക്തമാണ്. മേളങ്ങളുടെ ഘടനയും സ്വഭാവങ്ങളും പരിശോധിച്ചാല്‍ അവ പുരാതനമായ ഏതോ കേരളീയ ശാക്തേയ കലകളില്‍നിന്നും ഉരുത്തിതിരിഞ്ഞതാണെന്ന് വ്യക്തമാണ്.
മേളങ്ങളില്‍ എന്തുകൊണ്ടും പ്രാചീനമെന്നു വിശേഷിപ്പിക്കാവുന്ന പാണ്ടിമേളത്തിന്റെ ഏകദേശസ്വഭാവമുള്ള വാദ്യശൈലികള്‍ ഇന്നും നിലനില്‍ക്കുന്ന മുടിയേറ്റുപോലുള്ള അനുഷ്ഠാനകലാരൂപങ്ങളില്‍ കാണുന്നു എന്നതാണ് മേല്‍പറഞ്ഞതിനുകാരണം. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയുടെ പ്രത്യേകതകളും ഇവയുടെ ഉല്പത്തിയ്‌ക്കുകാരണങ്ങളാണെന്ന് തോന്നുന്നു. ആവക ഗഹനവിഷയങ്ങള്‍ ഈ കുറിപ്പിനും പുറത്താവുകയാല്‍ അവയിലേയ്‌ക്കുകടക്കുന്നില്ല. അന്യാദൃശ ശില്പസൗന്ദര്യവും തികച്ചും വ്യവസ്ഥാപിതങ്ങളായ ചിട്ടകളും ചടങ്ങുകളും ഉള്ളവയോട് ഒരു വിദൂരസാമ്യം പോലും അവകാശപ്പെടാവുന്ന ഒരൊറ്റകലാരൂപവും ലോകത്തെവിടെയുമില്ലാ എന്നതുകൊണ്ടാണ് മേളങ്ങള്‍ കേരളത്തിന്റെ യഥാര്‍ത്ഥ സമ്പത്തായിത്തീരുന്നത്.
വിശാല വിശകലനത്തില്‍ മേളങ്ങളെ ക്രമ ദ്രുതങ്ങള്‍ എന്നും വ്യുല്‍ക്രമദ്രുതങ്ങള്‍ എന്നും തരംതിരിക്കാം. ക്രമദ്രുത സ്വഭാവം പ്രകടിപ്പിക്കുന്നത് പാണ്ടിമേളമാണ്്. വ്യുല്‍ക്രമദ്രുത മേളങ്ങളത്രേ ചെമ്പട, പഞ്ചാരി, ചമ്പ, അടന്ത, അഞ്ചടന്ത, ധ്രുവം ,പാണ്ടിക്കുമുന്‍പേ കൊട്ടാറുള്ള ചെമ്പട എന്നിവ. ഇവയില്‍ അവസാനം ചേര്‍ത്ത ചെമ്പടയൊഴികെ മറ്റുള്ളവ ചെമ്പടവര്‍ഗമെന്നും,അടന്തവര്‍ഗമെന്നുംഘടനയുടെ അടിസ്ഥാനത്തില്‍ തരംതിരിയ്‌ക്കാം.
ഒരു താളവട്ടത്തിലെ ഏറ്റവും വലിയ ഖണ്ഡം അതേപോലെ രണ്ടാമതും ആവര്‍ത്തിക്കുന്നതാണ് അടന്തശൈലി. ആ ഖണ്ഡം ഒന്നുമാത്രമായാല്‍ അതു ചെമ്പടശൈലിയായി. ഈ ലേഖകന്‍ രൂപകല്‍പ്പന ചെയ്ത മിശ്രമേളത്തില്‍ ഇവരണ്ടും ഉള്‍ക്കൊണ്ടിരിയ്‌ക്കുന്നു. എന്നതാണ് അതിന്റെ സവിശേഷത. അതിനാല്‍ ഘടനാപരമായി ഒരുമിശ്രത്വം മേളത്തിനുവരുന്നു. മിശ്ര വകുപ്പിവല്‍പെടുന്നതാളമാണ്അടന്ത. ഈമേളം 112 അക്ഷരത്തില്‍ ആരംഭിക്കുകയാല്‍ താളം അടന്തയായിമാറുന്നു. അങ്ങനെ മിശ്രതാളാധിഷ്്ഠിതവും മിശ്രഘടനാപരവുമാണ് അതിനാല്‍ ഇതിന് മിശ്രമേളമെന്നു പേരിട്ടിരിയ്‌ക്കുന്നു.
നിലവിലുള്ളമേളങ്ങളില്‍ പഞ്ചാരിയാണ് ഏറ്റവും വലിയത്. നേരം കൂടുതല്‍ വേണ്ടഘട്ടത്തില്‍ ഇതാണ് സര്‍വ്വസാധാരണയായി പ്രയോഗിക്കപ്പെടുന്നത്. മിശ്രമാകട്ടേ അല്പം കൂടി ദീര്‍ഘമായാല്‍ അത്തരം ഘട്ടത്തിലേയ്‌ക്ക് ഇതിനേയും പരിഗണിക്കാം.തായമ്പകയില്‍ മാത്രം ഒതുങ്ങിക്കഴിയുന്ന (കേളിയിലും, കഥകളിക്കൊട്ടിലും പതിവില്ലെന്ന് ഇതിനര്‍ത്ഥമില്ല.)’തരികിട’ എന്ന പ്രത്യേക വാദനശൈലിയെ ഈ മേളത്തില്‍ സന്നിവേശിപ്പിച്ചിരിയ്‌ക്കുന്നു. മാത്രവുമല്ല വക്കും നടുവും കൈയിന്റെ ‘ത’ ‘ധിം’ എന്നീശബ്ദങ്ങളെ സമര്‍ത്ഥമായി പ്രയോഗിക്കാനുള്ള അവരസങ്ങളും ഉള്ളതുകൊണ്ട്, ഒട്ടുമുക്കാലും പഞ്ചാരിമേളത്തോളം സംഗീതാത്മകത ഈമേളത്തിനും അവകാശപ്പെടാം.
















