ആത്മപീഡനത്തിന്റെയും പരപീഡനത്തിന്റെയും ഇടയില്‍ മനസു കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരഭയസ്ഥാനമുണ്ട്. അതിലേക്കെത്തിപ്പെട്ടാല്‍ പിന്നെ മൂന്നുഭാവങ്ങളാണ്. തന്നില്‍ നിന്നു മാറി നിന്നു സമൂഹത്തെക്കുറിച്ചു ചിന്തിക്കുക, സമൂഹത്തിലേക്കിറങ്ങിച്ചെന്നു തന്നെ വീക്ഷിക്കുക, തന്നില്‍ നിന്നുകൊണ്ടു സ്വയം തിരിച്ചറിയുക.
ഈ മൂന്നുഭാവങ്ങളുടെയും വിസ്മയിപ്പിക്കുന്ന സമന്വയമാണ് പ്രൊഫ. ലതാ നായരുടെ മിത്ര എന്ന നോവല്‍. വിവാഹപൂര്‍വ്വ ജീവിതം, വിവാഹ ജീവിതം, വിവാഹാനന്തര ജീവിതം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് മിത്രയെ കാലം അടയാളപ്പെടുത്തുന്നത്. അവരുടെ മാനസീകപരിണാമത്തിനു ഹേതുവെന്നു കരുതാവുന്ന ഒരു തന്തുവിനെ കഥാരംഭം മുതല്‍ അവസാനം വരെ അന്തര്‍ലീനമാക്കി നിര്‍ത്തുന്നുണ്ട് ലതാനായര്‍. സ്വന്തം അമ്മയെക്കുറിച്ചുളള മിത്രയുടെ കാഴ്ചപ്പാടാണ് ഇത്.വാത്സല്യം വാരിച്ചൊരിഞ്ഞവര്‍ ഏറെയുണ്ട്. പക്ഷെ, അമ്മ അവള്‍ക്ക് ആരായിരുന്നു? മൂന്നാം അദ്ധ്യായത്തില്‍ ഇതിന്റെ ഉത്തരമുണ്ട്.
”മോള്‍ക്ക് മോള്‍ടെ അമ്മയെ കാണണോ? അമ്മയുടെ അടുത്ത് പോകണോ?” കൈപിടിച്ച് അവളപ്പോള്‍ പറയും.”വേണ്ട എനിക്കീ അമ്മയെ മതി, ആ അമ്മ വേണ്ട.” അവളുടെ മനസ്സു തിരിച്ചറിയാന്‍ കഴിയാത്ത അമ്മയെ അവള് രണ്ടു വയസ്സുളളപ്പോള്‍ തന്നെ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. ഭര്‍തൃമതിയായതോടെ ജീവിതത്തിന്റെ താളം തെറ്റി – അടിച്ചമര്‍ത്തപ്പെട്ട ആത്മാഭിമാനം വിശ്വരൂപമെടുത്തു പുറത്തുവന്നപ്പോള്‍ മനസിന്റെ സമനിലയും.
‘മൈത്രേയി’ സ്ഥാപിച്ച് മിത്ര സ്വയം ഒരഭയസ്ഥാനം കണ്ടെത്തി. അത് മറ്റു പലര്‍ക്കും അഭയസ്ഥാനമായി മാറുകയും ചെയ്തു. കണ്ണാടികൂട്ടില്‍ ഒരുക്കിവച്ച മനസായിരുന്നില്ല മുമ്പ് മിത്രയുടെത്.ഒരു കുറുഞ്ഞിപ്പൂച്ചയായിരുന്നു അത്. പിന്നീടെപ്പോഴോ ഷോകേസിലായി, ഹരിഭാസ്കറിനെ കാണുന്നതുവരെ. ചട്ടക്കൂടുകള്‍ തകര്‍ത്ത് മിത്ര സുമിത്രയായും സുമിയായും മാറുമ്പോഴേക്ക് ജീവിതം വലിയൊരു ചോദ്യചിഹ്നമായിക്കഴിഞ്ഞിരുന്നു. മഞ്ഞയും ചുവപ്പും ഇഴകള്‍ ചേര്‍ത്തുപിണച്ച ചരടില്‍ അവരുടെ സര്‍വ്വമോഹങ്ങളും ചാലിച്ചുചേര്‍ത്തുകൊണ്ട് നോവല്‍ അവസാനിപ്പിക്കുകയാണ് ലതാ നായര്‍.
സമൂഹത്തിലേക്കിറങ്ങിച്ചെന്നു തന്നെ വീക്ഷിക്കുന്ന ഒരവസ്ഥയില്‍ നിന്ന് തന്നില്‍നിന്നുകൊണ്ടുസ്വയം വീക്ഷിക്കുന്ന അവസ്ഥയിലേക്കു മിത്രയെ എത്തിച്ചത് സ്നേഹയാണ.് ഒരു വലിയ രഹസ്യമായി സ്നേഹയെ നിലനിര്‍ത്താനുളള നോവലിസ്റ്റിന്റെ ശ്രമം പാളിയിട്ടുണ്ടെങ്കിലും മിത്രയെ വായനക്കാരിലേക്കെത്തിക്കുന്നതില്‍ സ്നേഹ വിജയിച്ചു. ആഴങ്ങളിലേക്കിറങ്ങിയുളള പഠനം, അതിചാരുതയാല്‍ വശീകരിക്കുന്ന ഭാഷ, അവതരണത്തിലെ മാസ്മരികത എന്നീ സവിശേഷതകളാല്‍ ശ്രദ്ധേയമാണ് ഈ നോവല്‍. ശാന്തമായ നദിയായിവന്ന് മനസ്സിനെ പെരും കുത്താഴുക്കിലേക്കു തള്ളുന്ന മിത്ര സ്ത്രീമനസ്സിലെ അടക്കിപ്പിടിച്ച അഭിലാഷങ്ങളും അവ അട്ടിമറിക്കപ്പെടുന്നതും എങ്ങിനെയെന്ന് പ്രകടമാക്കുന്നു. അതിജീവനശേഷി ഒരുപക്ഷെ, മിത്രയെപ്പോലെ അപൂര്‍വ്വം പേര്‍ക്കുമാത്രമായിരിക്കും. ജീവിതാനുഭവങ്ങളുടെ പാഠഭാഗങ്ങള്‍ അടുക്കും ചിട്ടയും ചേര്‍ത്ത് കാലത്തിന്റെ കൈകളിലൂടെ തുന്നിക്കൂട്ടിയിരിക്കുന്ന മിത്ര മലയാള നോവല്‍ സാഹിത്യത്തില്‍ തനതു സ്ഥാനം അര്‍ഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: