കൊച്ചി: വൈറ്റില ദേശീയപാതയോരത്ത് തുറന്നുകിടക്കുന്ന പുഞ്ചത്തോടിന്റെ ഭാഗമായ കാന സ്ലാബിട്ട് അടയ്‌ക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റീസ് കെ ഹരിലാലിന്റെതാണ് ഉത്തരവ്.
കക്കൂസ്മാലിന്യമടക്കം വിസര്‍ജ്യങ്ങള്‍ തുറന്നുകിടക്കുന്ന തോട്ടില്‍ രാത്രിയും പകലും നിക്ഷേപിക്കുന്നതായി പരക്കെ ആക്ഷേമുണ്ടായിരുന്നു. 2011-ല്‍ കൊച്ചി കോര്‍പ്പറേഷന്‍ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണത്തിനു അഞ്ച് ലക്ഷം രൂപ വകയിരുത്തിയെങ്കിലും ചിലര്‍ എതിര്‍ത്തതിനെ തുടര്‍ന്നു നിര്‍മാണം മുടങ്ങി. ഒടുവില്‍ ഐഷാ റോഡിലെ വസ്തു ഉടമകൂടിയായ കാരാച്ചിറ ജോര്‍ജ്.കെ.വര്‍ക്കി സ്വന്തം ചെലവില്‍ കാന സ്ലാബിട്ട് അടയ്‌ക്കാന്‍ മുന്നോട്ടുവന്നു.
പിന്നീട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ തമ്മനം സ്വദേശി അലക്‌സാണ്ടര്‍ നിര്‍മ്മാണത്തിനെതിരെ ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞില്ല. എന്നാല്‍ ഉത്തരവില്‍ കൂടുതല്‍ വ്യക്തതയ്‌ക്കുവേണ്ടി വസ്തു ഉടമയായ കാരാച്ചിറ ജോര്‍ജ് വര്‍ക്കി ഡിവിഷന്‍ബെഞ്ചില്‍ അപ്പീല്‍ നല്‍കി.
അപ്പീലില്‍ വാദം കേട്ട ഡിവിഷന്‍ ബെഞ്ച് റിട്ട് ഹര്‍ജിതന്നെ ഉടനടി തീര്‍പ്പാക്കാന്‍ സിംഗിള്‍ബെഞ്ചിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നു ജസ്റ്റീസ് കെ ഹരിലാല്‍ ഹര്‍ജിയില്‍ വാദം കേട്ടു ഹര്‍ജി തള്ളുകയായിരുന്നു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. ജയപ്രദീപ്.വി, ഹാജരായി.
















