കൊച്ചി: പ്രഥമ ബ്ലൈന്‍ഡ് ഏഷ്യാ കപ്പ് ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്ഥാന്‍ ഫൈനലില്‍. ഇന്നലെ നടന്ന കൡയില്‍ ശ്രീലങ്കയെ 60 റണ്‍സിന് തോല്‍പ്പിച്ചാണ് പാക്കിസ്ഥാന്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. 30 പന്തില്‍ 44 റണ്‍സ് നേടിയ മുഹമ്മദ് അക്രമാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കക്ക് എട്ടു വിക്കറ്റില്‍ 124 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. പാക്കിസ്ഥാന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. നേരത്തെ ഇന്ത്യയെയും നേപ്പാളിനെയും പാക്കിസ്ഥാന്‍ തോല്‍പിച്ചിരുന്നു.
ഇന്നലെ നടന്ന രണ്ടാം കൡയില്‍ നേപ്പാളിനെ 62 റണ്‍സിന് തോല്‍പിച്ച് ബംഗ്ലാദേശ് ടൂര്‍ണമെന്റിലെ ആദ്യ വിജയം നേടി. നാലു മത്സരങ്ങളും പൂര്‍ത്തിയാക്കിയ നേപ്പാളിന് ഒരു മത്സരത്തിലും ജയിക്കാനായില്ല. സ്‌കോര്‍: ബംഗ്ലാദേശ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 184. നേപ്പാള്‍ 9 വിക്കറ്റിന് 122.
ഫൈനല്‍ പ്രവേശനം നേടി ഇന്ത്യ ഇന്ന് അവസാന മത്സരത്തില്‍ ശ്രീലങ്കയെ നേരിടും. ഇരുടീമുകളും രണ്ടു മത്സരങ്ങള്‍ വീതം ജയിച്ചതിനാല്‍ ഇന്ന് വിജയിക്കുന്നവര്‍ക്ക് ഫൈനലില്‍ ഇടം നേടാനാവും. പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിലാണ് ഇന്നത്തെ രണ്ടാം മത്സരം.
















